2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ ഇപ്പോഴേ തന്ത്രങ്ങൾ ആവിഷ്കരിച്ച് ബിജെപി. കേരളം ഉൾപ്പടെ ദക്ഷിണേന്ത്യയിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ കേരളം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 22 യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. കൗൺസിലർമാർ മണ്ഡലം പ്രസിഡന്റുമാർ എന്നിവരുമായെല്ലാം ആശയവിനിമയം നടത്തും കേന്ദ്രമന്ത്രി. കേരളത്തിലെ പ്രമുഖ നേതാക്കൾ മന്ത്രിയെ സഹായിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ പത്തനംതിട്ട മാവേലിക്കര തൃശൂർ പാലക്കാട് എന്നീ മണ്ഡലങ്ങളിൽ പാർട്ടി ഇടപെടൽ ശക്തമാക്കും. 2 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവർത്തനം.
തിരുവനന്തപുരം ആറ്റിങ്ങൽ പത്തനംതിട്ട എന്നിവിടങ്ങളിലെ ചുമതല ജയശങ്കറിനാണ്. കേന്ദ്രമന്ത്രിമാരായ ശോഭാ കരന്തലജേ, വി മുരളീധരൻ എന്നിവർക്കാണ് സഹചുമതല. പാലക്കാട് ക്ലസ്റ്ററിന്റെ ചുമതലയുളള കേന്ദ്ര നേതാക്കളും പ്രവർത്തനം ആരംഭിച്ചു.കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേയും സഹചുമതല ഏറ്റെടുത്തിട്ടുണ്ട്. സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ തൃശൂരിലോ നിർത്തണമെന്ന കാര്യത്തിലും പ്രത്യേക പഠനം നടത്തും. 2 മണ്ഡലങ്ങളിലും സുരേഷ് ഗോപിയെ നിർത്താമെന്ന ഒരു ചർച്ച നടന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ 2 മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചതൊക്കെ അണികളിൽ അവമതിപ്പുണ്ടാക്കിയ പശ്ചാത്തലത്തിൽ ആ തീരുമാനം മാറ്റിയിട്ടുണ്ട്.
ഹൈദ്രാബാദിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവിന്റെ ചുവടുപിടിച്ചാണ് ബിജെപി ദക്ഷിണേന്ത്യയിലെ ഓപ്പറേഷൻ ശക്തമാക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് ഇത്രയും ചടുലനീക്കങ്ങളുമായി ബിജെപി മുന്നോട്ട് പോകുന്നത്. തിരുവനന്തപുരത്തിന്റ ചുമതല ജോർജ്ജ് കുര്യനും ആറ്റിങ്ങൽ കെ പി സുധീറിനും പത്തനംതിട്ട സി കൃഷ്ണകുമാറിനും പാലക്കാട് പി രഘുനാഥിനും തൃശൂർ എം ടി രമേശിനും മാവേലിക്കര എ സോമനും മേൽനോട്ടം വഹിക്കും. ഏറെ പ്രതീക്ഷയോടെ ശബരിമല യുവതീ പ്രവേശനത്തിന് ശേഷം നടന്ന 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയോടെ മുന്നൊരുക്കങ്ങളോടെ ബിജെപി നടത്തിയ കരുനീക്കങ്ങളിൽ ഒരു ചലനവുമുണ്ടാക്കാൻ കഴിയാതിരുന്നതിനാൽ ഇത്തവണ എന്തുണ്ടാക്കാൻ കഴിയും എന്ന ചോദ്യമാണ് കേരളീയ പൊതു സമൂഹം ഉയർത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.