ഷാഫി - ശബരി 'യൂത്ത് യുദ്ധം'! യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പോര്, വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തിയതിന് പിന്നില്‍...

Shafi Parambil and Sabarinathan: പാലക്കാട് യൂത്ത് കോൺഗ്രസ് പഠനശിബിരത്തിലെ പീഡന പരാതി പുറത്ത് വരാൻ കാരണമായതും ഗ്രൂപ്പ് പോര് തന്നെയാണ് എന്നാണ് വിവരം. ഇപ്പോൾ ഷാഫി പറമ്പിലിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതിയും പോയിക്കഴിഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 02:04 PM IST
  • ഷാഫി പറമ്പിലിനെതിരെ സംസ്ഥാന നേതൃത്വത്തിനിടയിൽ നിന്ന് തന്നെ കേന്ദ്ര നേതൃത്വത്തിലേക്ക് പരാതി പോയിട്ടുണ്ട് എന്നാണ് വിവരം
  • ശബരിനാഥന്റെ മാത്രമല്ല, ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് ചാറ്റ് വിവരങ്ങളും മുമ്പ് ചോർന്നിരുന്നു
  • യൂത്ത് കോൺഗ്രസിൽ എ ഗ്രൂപ്പിനുള്ളിൽ തന്നെ വിള്ളൽ വന്നിരിക്കുകയാണിപ്പോൾ
 ഷാഫി - ശബരി 'യൂത്ത് യുദ്ധം'! യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പോര്, വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തിയതിന് പിന്നില്‍...

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചു എന്നത് യൂത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ സമര വിജയമോ ആവേശമോ ഒക്കെ സൃഷ്ടിക്കാന്‍ പ്രാപ്തമായ ഒന്നാണ്. അത്തരം ഒരു സമരത്തിന് ആഹ്വാനം ചെയ്തതോ, ആശയം നല്‍കിയതോ ആരാണെന്ന് ഇതുവരെ ആരും തുറന്ന് പറഞ്ഞിരുന്നില്ല. അത്രയും മാധ്യമ ശ്രദ്ധ കിട്ടിയ ഒരു സമരത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സാധാരണ ഗതിയില്‍ പലരും രംഗത്ത് വരാറുള്ളതാണ്. എന്നാല്‍, ഈ വിഷയത്തില്‍ മുന്‍ എംഎല്‍എ ആയ കെഎസ് ശബരിനാഥന്‍ അത്തരമൊരു നീക്കം നടത്താതിരുന്നത് എന്തുകൊണ്ട് എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്.

പ്രതിപക്ഷനിരയില്‍ വീരനായക പരിവേഷം ലഭിച്ച വിമാന പ്രതിഷേധ യൂത്തുകോണ്‍ഗ്രസ്സുകാര്‍ ഇതുവരെ അതിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും നല്‍കുകയും ചെയ്തില്ല. അതിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയുടെ സ്‌ക്രീന്‍ഷോട്ട് പുറത്ത് വരുന്നത്. അതിന് പിറകെ ശബരിനാഥനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് എങ്ങനെയാണ് ഇത് പുറത്ത് പോയത് എന്നാണ് ഇപ്പോഴുയരുന്ന ചോദ്യം. 

വിമാന പ്രതിഷേധത്തില്‍ സംസ്ഥാന പോലീസ് ചുമത്തിയിട്ടുള്ളത് വധശ്രമവും വധഗൂഢാലോചനയും ഒക്കെയാണ്. ഒരുപക്ഷേ, അഴിയാക്കുരുക്കായി മാറിയേക്കുമെന്ന ആശങ്ക തന്നെയാകാം ശബരിനാഥന്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കാതിരിക്കാനുള്ള കാരണം എന്ന് ചിലര്‍ കരുതുന്നു. അങ്ങനെയെങ്കില്‍ ആ സ്‌ക്രീന്‍ഷോട്ട് പുറത്ത് വിട്ടത് ശബരിനാഥന്‍ ഇത്തരമൊരു കുരുക്കില്‍ പെടട്ടേ എന്ന് കരുതിക്കൂട്ടിയാവില്ലേ എന്നാണ് ചോദ്യം. യൂത്ത് കോണ്‍ഗ്രസില്‍ അടുത്ത കാലത്തായി പ്രകടമായ ഗ്രൂപ്പ് വഴക്കാണ് നിലനില്‍ക്കുന്നത്.

സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെതിരെയാണ് കുറച്ചായി വിമര്‍ശന ശരങ്ങള്‍ ഉയരുന്നത്. തനിക്കൊപ്പം നില്‍ക്കുന്നവരെ ഷാഫി എന്ത് വിലകൊടുത്തും സംരക്ഷിക്കുന്നു എന്നും വിമര്‍ശനം ഉന്നയിക്കുന്നവരെ ഒതുക്കുകയും കുറ്റക്കാരാക്കുകയും ചെയ്യുന്നു എന്നാണ് ആക്ഷേപം. ഒരു വിഭാഗത്തിന് ഇക്കാര്യത്തില്‍ കടുത്ത എതിര്‍പ്പാണുള്ളത്. അടുത്തിടെ യൂത്ത് കോണ്‍ഗ്രസ് പഠന ശിബിരത്തില്‍ ഉയര്‍ന്ന പീഡന പരാതി പോലും സംഘടനയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് പുറത്ത് വന്നത് എന്നാണ് സൂചനകള്‍.

ഇപ്പോള്‍ ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്തയക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ശബരിനാഥന്റെ ചാറ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന തല നേതാക്കള്‍ തന്നെ കത്തയച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ ചോരുന്നത് ഇത് ആദ്യത്തെ സംഭവവും അല്ല. ഇതിന് മുമ്പും സമാനവിഷയങ്ങളില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഷാഫി പറമ്പില്‍ അതൊന്നും ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം. ഈ വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. 

എ ഗ്രൂപ്പിലെ യുവനേതാക്കളില്‍ ശക്തരാണ് ഷാഫി പറമ്പിലും ശബരിനാഥനും. യൂത്ത് കോണ്‍ഗ്രസ് ഏറെക്കുറേ എ ഗ്രൂപ്പിന്റെ കൈപ്പിടിയിലും ആണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പ് എന്ന നിലയ്ക്ക് കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്. വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വിട്ടതിനെ തുടര്‍ച്ച് അറസ്റ്റിലായതോടെ ശബരിനാഥന് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ വീരപരിവേഷം ലഭിക്കുകയും ചെയ്തു. ജി കാർത്തികേയന്റെ മരണശേഷം മാത്രം സജീവ രാഷ്ട്രീയത്തിലേക്ക് എത്തുകയും ആ ഒഴിവിൽ നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുകയും ചെയ്ത ആളാണ് ശബരിനാഥൻ. 2016 ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചിരുന്നു. എന്നാൽ 2021 ലെ തിരഞ്ഞെടുപ്പിൽ അരുവിക്കരയിൽ നിന്ന് പരാജയപ്പെട്ടു.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News