കോട്ടയം: ഉമ്മൻചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റർ. ഉമ്മൻചാണ്ടി (Oommen Chandy) കോൺഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു (Kottayam DCC Office)) മുന്നിലും നഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്.
കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനെയാണെന്ന് പോസ്റ്ററിൽ പറയുന്നു. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്. നാട്ടകം സുരേഷിനെയും യൂജിൻ തോമസിനെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
നിലവിൽ ഉമ്മൻചാണ്ടിയുടെ പ്രതിനിധിയായി യൂജിൻ തോമസും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധിയായി നാട്ടകം സുരേഷും ആണ് അന്തിമപട്ടികയിൽ ഉള്ളത്. ഇതിൽ നാട്ടകം സുരേഷ് തന്നെ ഡിസിസി അധ്യക്ഷൻ ആകും എന്നതാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. ഡിസിസി അധ്യക്ഷന്റെ (DCC President) കാര്യത്തിൽ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുമ്പോഴാണ് പോസ്റ്റർ യുദ്ധം.
ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ഫിൽസൺ മാത്യുവിനെ പരിഗണിക്കാത്തതിൽ ഉള്ള അതൃപ്തിയും പുകയുന്നുണ്ട്. ഫിൽസൺ മാത്യുവിനെ തള്ളി ആണ് യൂജിൻ തോമസിനെ ഡിസിസി അധ്യക്ഷൻ ആക്കാൻ ഉമ്മൻചാണ്ടി നീക്കം നടത്തിയത്. അടുത്തകാലത്തായി ഫിൽസൺ മാത്യുവിനോട് ഉമ്മൻചാണ്ടിക്ക് താൽപ്പര്യം കുറഞ്ഞിരുന്നതായി ഒപ്പമുള്ള നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഫിൽസൺ മാത്യുവിനെതിരേ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉണ്ട് എന്നാണ് ഉമ്മൻചാണ്ടി ക്യാമ്പ് രഹസ്യമായി പറയുന്നത്.
ഇതിനിടെയാണ് ഇപ്പോൾ പരിഗണിക്കുന്ന നേതാക്കൾക്കെതിരെയും സമാനമായ ആരോപണങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി ഓഫീസിനു മുന്നിലെ ഗേറ്റിലും സമീപത്തെ മതിലുകളിലും പോസ്റ്ററുകൾ ഉണ്ട്. ഇതിനുപുറമേ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ടാക്സി സ്റ്റാൻഡിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ നിർദ്ദേശം ഹൈക്കമാൻഡ് തള്ളിയാൽ കോട്ടയത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് തുടക്കം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...