തിരുവനന്തപുരം: സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനായി ജസ്റ്റിസ് സി. കെ. അബ്ദുൾ റഹീം ചുമതലയേറ്റു. ആക്ടിംഗ് ചെയർമാൻ ബെന്നി ഗിർവാസിസ്, അംഗങ്ങളായ വി. രാജേന്ദ്രൻ, രാജേഷ് ദിവാൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്.
1983 - ൽ ഹൈക്കോടതിയിൽ അഭിഭാഷകനായാണ് റഹീം പ്രാക്‌ടീസ് തുടങ്ങിയത്. പിന്നീട് കേരള ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ഇതിനിടയിൽ ഗവ. പ്ലീഡർ, സീനിയർ ഗവ. പ്ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശിയാണ്. സെയിൽസ് ടാക്‌സ് ഡെപ്യൂട്ടി കമീഷണറായിരുന്ന പി കെ ആലിപ്പിള്ളയുടെയും കുഞ്ഞുബീപാത്തുവിന്റെയും മകനാണ്.
അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്. എസ്. ബാലു, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അഭിഭാഷക അസോസിയേഷൻ തിരുവനന്തപുരം പ്രസിഡന്റ് ഫത്തഹുദ്ദീൻ, അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ആർ. കെ. മുരളീധരൻ എന്നിവർ ആശംസയറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പർ ഒന്നിലാണ് ചടങ്ങ് നടന്നത്.
Also Read: നിപ വ്യാപനം തീവ്രമാകില്ല; ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ദ്ധർ കേരളത്തിലെത്തും: കേന്ദ്ര സംഘം
വെങ്ങോല ശാലേം സ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കാലടി ശ്രീശങ്കര കോളേജ്,എറണാകുളം ഗവ.ലോകോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നിലവിൽ ട്രിബ്യൂണലിലെ രണ്ട് ജുഡീഷ്യൽ അംഗങ്ങളുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...