തൃശൂർ: തൃശൂരിലെ തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്. തൃശൂരിലെ ജനങ്ങൾക്ക് കോൺഗ്രസിനോട് അകൽച്ചയും അതൃപ്തിയുമുണ്ടാകാൻ കാരണം ജില്ലാ നേതൃത്വമാണെന്നും സംഘ പരിവാറിന് തൃശൂരിൽ നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
നേതൃത്വത്തിൻ്റെ പിടിപ്പ് കേട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വ്യക്തമാണ്. ചാലക്കുടിയിലും ആലത്തൂരും ഇത് പ്രകടമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ യുഡിഎഫ് നേതൃത്വത്തിന് ആയില്ല. ഈ സാഹചര്യത്തിൽ ഇവർ രാജിവയ്ക്കണം. ഇക്കാര്യം ഉന്നയിച്ച് നേതൃത്വത്തിന് പരാതി നൽകുമെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ എ മുഹമ്മദ് ഹാഷിം, അഡ്വ. എബിമോൻ തോമസ്, മുഹമ്മദ് സറൂഖ്, കാവ്യ രഞ്ജിത്ത് എന്നിവർ പറഞ്ഞു.
ALSO READ: വയനാടിനോട് ഗുഡ് ബൈ പറയുമോ രാഹുൽ? സാദ്ധ്യതകൾ ഇങ്ങനെ
ഇന്നലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം പ്രതികരിച്ച കെ മുരളീധരൻ സംസ്ഥാന ജില്ലാ നേതൃത്വങ്ങൾക്ക് നേരെയുള്ള തന്റെ അതൃപ്തി പ്രകടമാക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടാകാത്ത സാഹചര്യത്തിൽ സംഘടനാ സംവിധാനം മൊത്തത്തിൽ മാറ്റണമെന്നും വടകരയിൽ നിന്ന് മാറിയില്ലെങ്കിൽ പരാജയപ്പെടില്ലായിരുന്നുവെന്നുമായിരുന്നു കെ.മുരളീധരന്റെ പ്രതികരണം.
അതേസമയം, കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനും ഡി സി സി പ്രസിഡന്റിനുമെതിരെ പോസ്റ്റർ പതിച്ചിരുന്നു. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല. ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വെക്കണമെന്നുമാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. തൃശൂർ ഡി സി സി ഓഫീസിന്റെ മതിലിലും പരിസരത്തുമാണ് പോസ്റ്റർ പതിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy