കോട്ടയം മെഡിക്കൽ കോളജിൽ 12 ഡോക്ടർമാർക്ക് കൊവിഡ്; സന്ദർശകർക്ക് വിലക്ക്, ഒപിയടക്കം കടുത്ത നിയന്ത്രണം

മെഡിക്കൽ കോളജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനം. ഡോക്ടർമാർക്കിടയിൽ കൊവിഡ് കൂടാൻ സാധ്യതയെന്ന് വിലയിരുത്തൽ

Written by - Zee Malayalam News Desk | Last Updated : Apr 19, 2021, 06:52 PM IST
  • ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏ‍ർപ്പെടുത്തി
  • എന്നാൽ അടിയന്തര ശസ്ത്രക്രിയകളൊന്നും റദ്ദാക്കില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി
  • ഒപിയിലടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തും
  • ഡോക്ടർമാർക്കിടയിൽ രോ​ഗം കൂടാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ
കോട്ടയം മെഡിക്കൽ കോളജിൽ 12 ഡോക്ടർമാർക്ക് കൊവിഡ്; സന്ദർശകർക്ക് വിലക്ക്, ഒപിയടക്കം കടുത്ത നിയന്ത്രണം

കോട്ടയം: ആശങ്ക പടർത്തി കോട്ടയം മെഡിക്കൽ കോളജിൽ 12 ഡോക്ടർമാർക്ക് (Doctors) കൊവിഡ് സ്ഥിരീകരിച്ചു. സർജറി, പൾമനറി മെഡിസിൻ വിഭാ​ഗങ്ങളിലെ ഡോക്ടർമാർക്കാണ് രോ​ഗം ബാധിച്ചിരിക്കുന്നത്. ഡോക്ടർമാരിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളജിലെ (Medical College) ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.

ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏ‍ർപ്പെടുത്തി. എന്നാൽ അടിയന്തര ശസ്ത്രക്രിയകളൊന്നും റദ്ദാക്കില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. 12 ഡോക്ടർമാർക്ക് ഒരുമിച്ച് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒപിയിലടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഡോക്ടർമാർക്കിടയിൽ രോ​ഗം കൂടാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. കോട്ടയം മെഡിക്കൽ കോളജിലെ ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളടക്കം എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലാണ് രോ​ഗം പടർന്ന് പിടിച്ചിരിക്കുന്നതെന്നതും ആശങ്ക വർധിപ്പിക്കുന്നു.

ALSO READ: Kerala Covid Updates: സംസ്ഥാനത്ത് 13,644 പേർക്ക് കൂടി കോവിഡ് രോഗബാധ; ആശങ്കയൊഴിയാതെ കേരളം

ഇന്ന് വൈകിട്ടോടെയും നാളെ ഉച്ചയോടെയും കൂടുതൽ ആരോ​ഗ്യപ്രവർത്തകർക്കിടയിൽ നടത്തിയ ടെസ്റ്റുകളുടെ ഫലം വരാനുണ്ട്. ഇത് കൂടി വന്നാൽ സ്ഥിതി അതീവ സങ്കീർണമാകുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. നേരത്തെയും കോട്ടയം മെഡിക്കൽ കൊവിഡ് പശ്ചാത്തലത്തിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട്, വ്യാപനം കുറഞ്ഞപ്പോൾ നിയന്ത്രണങ്ങൾ ഒഴിവാക്കുകയായിരുന്നു. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. മറ്റ് ആശുപത്രികളിൽ (Hospitals) നിന്നും വരുന്ന രോ​ഗികൾക്ക് കൃത്യമായ പരിശോധന നടത്തിയ ശേഷം മാത്രം അഡ്മിഷൻ നൽകിയാൽ മതിയെന്നും അല്ലാത്തവരെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാനുമാണ് തീരുമാനം.

ഇതിനിടെ പാലാ പൊലീസ് സ്റ്റേഷനിലെ 10 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവിടെ സബ് ഇൻസ്പെക്ടറുടെ കൊവിഡ് പരിശോധനാ ഫലം വരാനുണ്ട്. ഇതോടെ പൊലീസ് സ്റ്റേഷനിലേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനിൽ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള 23 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ഇവരെല്ലാം പരസ്പരം സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

ALSO READ: Covid 19; ശ്രീചിത്ര മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാ​ഗം അടച്ചു

അതേ സമയം സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർകോട് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോ​ഗബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി 21 മരണങ്ങളാണ് കൊവിഡ് (Covid) മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4950 ആയി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ 230 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം ബാധിച്ചത്. ഇതിൽ 826 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 38 ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗം ബാധിച്ചു. രോ​ഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4305 പേരുടെ പരിശോധനാ ഫലം 
നെ​ഗറ്റീവ് ആയി. ഇന്ന് പുതിയ ഒൻപത് ഹോട്ട് സ്പോട്ടുകളാണ് പ്രഖ്യാപിച്ചത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. നിലവിൽ ആകെ 468 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News