Kochi Water Metro: ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി കൊച്ചി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു

വാട്ടർ മെട്രോയുടെ ആദ്യ ബോട്ട് മുസിരിസ് കൊച്ചിയിലെ ജലപാതകളിൽ പരീക്ഷണ സവാരി നടത്തി വരികയാണ്

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 12:43 PM IST
  • അധികം താമസിക്കാതെ തന്നെ വാട്ടർ മെട്രോ സജീവ സർവ്വീസ് ആരംഭിക്കും
  • മെട്രോ ബോട്ടിൽ 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ഒരേസമയം യാത്ര ചെയ്യാന്‍ കഴിയും
  • ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും പ്രവർത്തിക്കുന്ന ബോട്ട്
Kochi Water Metro: ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി  കൊച്ചി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു

കൊച്ചി: കായലിലൂടെ ഒരു ഗംഭീര യാത്ര നിങ്ങൾ ആലോചിക്കുന്നുണ്ടോ? വെയിലും മഴയും പൊടിയുമേല്‍ക്കാതെ, കാതടിപ്പിക്കുന്ന  ശബ്ദം ഇല്ലാതെ, എയര്‍ കണ്ടീഷന്റെ ശീതളിമയില്‍, ശാന്തമായി കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാൻ  പറ്റുന്ന ഒരു സംവിധാനം.അതിനാണ് കൊച്ചിയിൽ വാട്ടർ മെട്രോ ഒരുങ്ങുന്നത്.

വാട്ടർ മെട്രോയുടെ ആദ്യ ബോട്ട് മുസിരിസ് കൊച്ചിയിലെ ജലപാതകളിൽ പരീക്ഷണ സവാരി നടത്തി വരികയാണ്. 23 ബോട്ടുകൾ വാട്ട‍ർ മെട്രോയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയിൽ നിന്നും പുറത്തേക്കെത്തും. അധികം താമസിക്കാതെ തന്നെ  വാട്ടർ മെട്രോ സജീവ സർവ്വീസ് ആരംഭിക്കും.
 
വാട്ടർ മെട്രോ ബോട്ടിൽ  50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ഒരേസമയം യാത്ര ചെയ്യാന്‍ കഴിയും. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്.  എട്ട് നോട്ട് (നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 

ഫ്‌ളോട്ടിംഗ് ജെട്ടികളായതിനാല്‍ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും. അതിനാല്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കയറുകയും ഇറങ്ങുകയും ചെയ്യാം. കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും പരമാവധി ഓളം ഉണ്ടാക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്‍റെ ഘടന. 

76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ. വാട്ടര്‍മെട്രോ ടെര്‍മിനലുകളുടെയും ബോട്ടുകളുടെയും നിര്‍മാണം വളരെ വേഗം പുരോഗമിക്കുകയാണ്. 38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 

കാക്കനാട്, വൈറ്റില, ഏലൂര്‍ ടെര്‍മിനലുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍  എന്നിവയുടെ നിര്‍മാണം ജൂണോടെ പൂര്‍ത്തിയാകും.  വൈറ്റില-കാക്കനാട് റൂട്ടില്‍ ഡ്രഡ്ജിംഗ് പൂര്‍ത്തിയായി. ഹൈക്കോര്‍ട്ട്-വൈറ്റില റൂട്ടില്‍ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News