കേരളം ഒറ്റക്കെട്ടാണ്; യോ​ഗിക്ക് അറിയില്ലായിരുന്നു അക്കാര്യം

കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനക്കെതിരെ രാഷ്ട്രീയം മറന്ന് ഭരണ-പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2022, 05:29 PM IST
  • യുപിക്ക് കേരളം ആകാനുള്ള ഭാ​ഗ്യം ലഭിക്കട്ടെയെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തിരുന്നു
  • ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് ജനങ്ങളോട് പറയുന്നത്
  • യുപിക്ക് ഭാഗ്യമുണ്ടെങ്കിൽ കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും
  • യുപിയുടെ വിസ്മയം അവിടുത്തെ സർക്കാരിനെ കുറിച്ചുള്ള സഹതാപം മാത്രമാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു
കേരളം ഒറ്റക്കെട്ടാണ്; യോ​ഗിക്ക് അറിയില്ലായിരുന്നു അക്കാര്യം

രാഷ്ട്രീയവും സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ കേരളത്തിൽ ഭരണ-പ്രതിപക്ഷ-സാമുദായിക സംഘടനകൾ തമ്മിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ കേരളത്തെ ഇകഴ്ത്തുന്ന സന്ദർഭങ്ങൾ ഏത് കോണിൽ നിന്നുണ്ടായാലും കേരളം ഒറ്റക്കെട്ടായി അതിനെ ചെറുത്തുനിന്ന ചരിത്രമാണുള്ളത്. ഇതേ ചരിത്രമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയ്ക്കെതിരെയും ആവർത്തിച്ചത്. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനക്കെതിരെ രാഷ്ട്രീയം മറന്ന് ഭരണ-പ്രതിപക്ഷ നേതാക്കളെല്ലാം തന്നെ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം മറുപടിയുമായി രം​ഗത്തെത്തിയത്. പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺ​ഗ്രസ് നേതാവ് ശശി തരൂർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരും രം​ഗത്തെത്തി. "യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യവുമുള്ള സമൂഹവുമുണ്ടാകും. അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യുപിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,” പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.  

 

 

ആദ്യം ഇം​ഗ്ലീഷിൽ ട്വീറ്റ് ചെയ്ത പിണറായി വിജയൻ അൽപ്പസമയത്തിനകം ഇതേ പ്രസ്താവന ഹിന്ദിയിലും ട്വീറ്റ് ചെയ്യുകയും പിണറായിയുടെ ഹിന്ദി ട്വീറ്റ് വൈറലാകുകയും ചെയ്തു. നീതി ആയോ​ഗിന്റെ വികസന സൂചികയിൽ കേരളം ഒന്നാമതാണ്. കേരളത്തെ പോലെ ആകാൻ യുപി ബിജെപിയെ തുരത്തി ഓടിക്കണമെന്നാണ് സീതാറാം യെച്ചൂരി പ്രതികരിച്ചത്.

യുപിക്ക് കേരളം ആകാനുള്ള ഭാ​ഗ്യം ലഭിക്കട്ടെയെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നാണ് യോഗി ആദിത്യനാഥ് ജനങ്ങളോട് പറയുന്നത്. യുപിക്ക് ഭാഗ്യമുണ്ടെങ്കിൽ കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്‌കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. യുപിയുടെ വിസ്മയം അവിടുത്തെ സർക്കാരിനെ കുറിച്ചുള്ള സഹതാപം മാത്രമാണെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.

 

ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തി. ''പ്രിയപ്പെട്ട യുപി, കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ. മധ്യാകല മതഭ്രാന്ത് വിട്ട് ബഹുസ്വരത, ഐക്യം, സമത്വവികസനം എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്.'' വിഡി സതീശൻ ട്വിറ്ററിൽ കുറിച്ചു.

കേരളത്തിന്‍റെ നേട്ടങ്ങളിലേക്ക് എത്തിനോക്കണമെങ്കില്‍ പോലും ഉത്തര്‍പ്രദേശിന് ഇനിയും 25 വര്‍ഷം വേണമെന്നാണ് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. കേരളത്തിന്റെ വികസനത്തെയോ മതനിരപേക്ഷ സമൂഹത്തെയോ യുപിയിലെ സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുന്നത് പോലും സഹിക്കാൻ കഴിയില്ലെന്നാണ് യോ​ഗിയുടെ പ്രസ്താവനക്കെതിരായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ ഉത്തർ പ്രദേശ് കേരളവും ബംഗാളും കശ്മീർ പോലെയാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. യുപി നിയമസഭ തിരഞ്ഞടെുപ്പിന്റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു യോ​ഗിയുടെ പ്രസ്താവന.

"ഞാൻ എന്റെ ഹൃദയത്തിൽ നിന്ന് പറയുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ ഏറ്റവും മികച്ച കാര്യങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. സൂക്ഷിക്കുക! നിങ്ങൾക്ക് തെറ്റ് പറ്റിയാൽ ഈ അഞ്ച് വർഷത്തെ സേവനം ഇല്ലാതാകും. അത് ഉത്തർ പ്രദേശിനെ കശ്മീരോ കേരളമോ ബംഗാളോ ആക്കാൻ അധിക സമയം വേണ്ട. നിങ്ങളുടെ വോട്ട് എന്റെ അഞ്ച് വർഷത്തെ പ്രയത്നത്തിനുള്ള ആശംസയാണ്. നിങ്ങളുടെ വോട്ട് ഇവിടെ ഭയം കൂടാതെ ജീവിക്കാനുള്ള ഉറപ്പും കൂടിയാണ്" എന്ന് യോ​ഗി ആദിത്യനാഥ് വീഡിയോയിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News