കണ്ണൂർ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്. അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാർ എന്ന് കോടിയേരി പറഞ്ഞു. അത്ര ക്രൂരമായ ട്രെയിനിങ്ങാണ് അവർക്ക് ലഭിക്കുന്നത്. നിയമവാഴ്ച തകർക്കുകയാണ് ആർഎസ്എസ് ലക്ഷ്യം. ഇതാണ്
കണ്ണൂരിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന് ഹരിദാസിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. ഹരിദാസന്റെ കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചന നടന്നു. കൊലപാതകത്തിനായി പരിശീലനം സിദ്ധിച്ച തിരഞ്ഞെടുത്ത സംഘത്തെയാണ് നിയോഗിച്ചത്. ഒരു കാൽ വെട്ടിയെടുക്കുകയും അരയ്ക്ക് താഴെ ഇരുപതിലധികം വെട്ടുകളുമാണ് ഉണ്ടായിരുന്നത്.
ഒരിക്കലും രക്ഷപ്പെടരുത് എന്ന തരത്തിൽ നടത്തിയ ആക്രമണമായിരുന്നു. ഒരു കൊലപാതകത്തിലേക്ക് എത്തേണ്ടുന്ന തരത്തില്‍ സ്ഥലത്ത് പ്രശ്നങ്ങളില്ല. സമാധാനപരമായി ജീവിക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാനുദ്ദേശിച്ചാണ് കൊലപാതകം നടത്തിയത്. വീട്ടുകാരുടെ മുന്നിൽ വച്ച് കൊല ചെയ്യണമെന്ന ഉദ്ദേശത്തിലാണ് ഭാര്യയുടെയും കുട്ടികളുടെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് കൊലപ്പെടുത്തിയത്.
ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ഉദ്ദേശമാണ് ഇതിന് പിന്നിൽ. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നടന്ന മറ്റ് പ്രശ്നങ്ങളും അന്വേഷണ വിധേയമാക്കണമെന്ന് കോടിയേരി പറഞ്ഞു. കർശനമായ നടപടിയും സമഗ്രമായ അന്വേഷണവും വേണമെന്നും അതിനായി പോലീസും സർക്കാരും തയ്യാറാകണമെന്നും സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും വീട്ടുമുറ്റത്ത് വച്ച് നടത്തിയ ആസൂത്രിതമായ കൊലപാതകം ആർഎസ്എസ്- ബിജെപി നേതൃത്വം അറിഞ്ഞാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.