Kerala Covid:കോവിഡ് വ്യാപനം:പരിശോധനയും നിരീക്ഷണവും ശക്തമാക്കാൻ ജില്ലകൾക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം

 കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 07:19 PM IST
  • എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം
  • 18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിനെടുത്തത്
  • 22 ശതമാനം പേർ പ്രിക്കോഷന്‍ ഡോസ് എടുത്തു
Kerala Covid:കോവിഡ് വ്യാപനം:പരിശോധനയും നിരീക്ഷണവും ശക്തമാക്കാൻ ജില്ലകൾക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കോവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്.

എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്നും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജില്ലകള്‍ ജാഗ്രത തുടരണം. സംസ്ഥാനത്ത് പനി വര്‍ധിച്ച് വരികയാണ്. പനി ബാധിക്കുന്നവര്‍ ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണം. നീണ്ടു നില്‍ക്കുന്ന പനിയ്ക്ക് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

കോവിഡ് വാക്‌സിന്‍ ഇനിയും എടുക്കാനുള്ള എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും എത്രയും വേഗം വാക്‌സിന്‍ എടുക്കണം. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു. വാര്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പാക്കണം.

എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത തുടരണം. കൂടുതല്‍ പരിശോധന നടത്തണം. പനിയും ശരീരവേദനയും ഉള്ളവര്‍ ഡോക്ടര്‍മാരെ കാണണം. ആശാവര്‍ക്കര്‍മാര്‍ ഇത് ശ്രദ്ധിക്കണം. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തനം ശക്തമാക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും അവലോകനം നടത്തുകയും വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർമാർ‌ക്ക് നിർദേശം നൽകി.

നോറോ വൈറസിനെതിരെ ജാഗ്രത പാലിക്കണം. ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും എല്ലാവരും പാലിക്കണം. വെസ്റ്റ്‌നൈല്‍, മലേറിയ, ഹെപ്പറ്റൈറ്റിസ് എ എന്നിവയ്‌ക്കെതിരേയും ജാഗ്രത പാലിക്കണം. വാര്‍ഡുതല സാനിറ്ററി കമ്മിറ്റി ശക്തിപ്പെടുത്തി പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം.

എവിടെയെങ്കിലും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ജില്ലകള്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണം പാകം ചെയ്യുന്നതിന് ശുദ്ധമായ ജലം ഉപയോഗിക്കണം. വയറിളക്ക രോഗങ്ങളെ കുറിച്ച് എല്ലാവരും ശ്രദ്ധിക്കണം. 

18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിനെടുത്തത്. 22 ശതമാനം പേർ പ്രിക്കോഷന്‍ ഡോസ് എടുത്തു. 15 മുതല്‍ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വയസുവരെയുള്ള 56 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 17 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞതായും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News