ന്യൂഡൽഹി: ഗാസിപൂരിൽ സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ചുരുളഴിഞ്ഞത് ക്രൂരമായ കൊലപാതകത്തിന്റെ. ലിവിംഗ് ടുഗതർ ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഗാസിപുരിലെ വിജനമായ സ്ഥലത്ത് വലിച്ചെറിഞ്ഞ നിലയിൽ ഒരു സ്യൂട്ട്കേസ് കണ്ടതായി പോലീസിൽ വിവരം ലഭിക്കുന്നത്.
സ്ഥലത്തെത്തി സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ച പോലീസ് സംഘം സ്യൂട്ട്കേസിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം പുരോഗമിച്ചതെന്ന് ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അഭിഷേക് ധനിയ പറഞ്ഞു.
പ്രദേശത്ത് സംശയാസ്പദമായി കണ്ടെത്തിയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഈ വാഹനം പ്രദേശത്തുകൂടെ കടന്നുപോയിരുന്നു. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി. എന്നാൽ, ഈ കാർ അമിത് തിവാരി (22) എന്നയാൾക്ക് വിറ്റതായി കാറിന്റെ പഴയ ഉടമസ്ഥൻ പറഞ്ഞു.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അമിത് തിവാരിയെ കണ്ടെത്തുകയായിരുന്നു. ഇയാളെ കസ്റ്റിഡിയിലെടുത്തു. കാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അമിത് തിവാരി ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ടതിനെ തുടർന്ന് ഇയാളുടെ സുഹൃത്ത് അനൂജ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വെൽഡിങ് മെക്കാനിക്കായി ജോലി ചെയ്യുന്ന ഇയാളും ഗാസിയാബാദിലാണ് താമസിക്കുന്നത്. ചോദ്യം ചെയ്യലിൽ മൃതദേഹം തന്റെ ബന്ധു കൂടിയായ ശിൽപയുടേതാണെന്ന് അമിത് മൊഴി നൽകി. ശിൽപയുമായി അടുപ്പമുണ്ടായിരുന്നെന്നും ഒരു വർഷത്തോളമായി ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു.
ശിൽപ അമിതിനെ വിവാഹം കഴിക്കാൻ താൽപര്യപ്പെട്ടിരുന്നെങ്കിലും അമിത് ബന്ധം പിരിയാനാണ് ശ്രമിച്ചത്. ശനിയാഴ്ച രാത്രി ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ ശിൽപയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചു. മൃതദേഹം ഉപേക്ഷിക്കാൻ സുഹൃത്ത് അനൂജിന്റെ സഹായവും തേടി.
വിവാഹിതരായി ജീവിക്കാൻ കുടുംബം വിട്ട് വരാൻ ശിൽപ അമിതിനെ നിർബന്ധിച്ചിരുന്നു. തന്നെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴി നൽകി. മൃതദേഹം ഉപേക്ഷിക്കാൻ സ്യൂട്ട്കേസിലാക്കിയ ശേഷം പെട്രോൾ പമ്പിൽ നിന്ന് ഡീസൽ വാങ്ങി. തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തി സ്യൂട്ട്കേസ് കത്തിക്കുകയായിരുന്നു. ഗ്രേറ്റർ നോയിഡയിൽ നിന്നാണ് അമിത് തിവാരിയെ അറസ്റ്റ് ചെയ്തത്.