കൊച്ചി: കാസർകോട് ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്. സ്വമേധയാ കേസെടുത്ത കോടതി സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് നിർദ്ദേശം നല്‍കി. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് കണ്ണൂർ കരിവെള്ളൂർ സ്വദേശി ദേവനന്ദ മരിച്ചതിന് കാരണം ഷിഗെല്ല സോണി ബാക്ടീരിയ ആണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ഷിഗെല്ല ബാക്റ്റീരിയ ബാധിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.
മെയ് ഒന്നിനാണ് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദ മരിച്ചത്. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദേവനന്ദയുടെ മരണം. കാസർകോട് ചെറവത്തൂരിലെ ഒരു കൂൾ ബാറിൽ നിന്നാണ് ദേവനന്ദ ഷവർമ്മ കഴിച്ചത്. അതേസമയം, ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസർകോട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ. വി. രാംദാസ് അറിയിച്ചു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോൾ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഡിഎംഒ വ്യക്തമാക്കി. അസുഖബാധിതരായ എല്ലാവരിലും സമാനമായ രോഗലക്ഷണങ്ങളായതിനാൽ ഷിഗെല്ല തന്നെയെന്നാണ് വിലയിരുത്തൽ.
അതേസമയം, രാത്രി ഭക്ഷണം വിൽക്കുന്ന കടകളിൽ പരിശോധന ശക്തമക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
ദേവനന്ദ മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാർ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസർകോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി. ഈ കേസിൽ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...