Brennen College വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടി; തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻ

ഒരു പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയും ശരീര പ്രകൃതിയുമാണ് പിണറായിയിൽ നിന്ന് പുറത്ത് വന്നതെന്ന് കെ സുധാകരൻ

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 03:25 PM IST
  • പിണറായി വിജയന്റെ മക്കളെ ഞാൻ തട്ടിക്കൊണ്ടുപോയെന്നാണ് ഒരു ആരോപണം
  • സ്വന്തം മക്കളെ തട്ടിക്കൊണ്ട് പോകാൻ ആരെങ്കിലും ശ്രമിച്ചാൽ പോലീസിൽ പരാതി നൽകില്ലേ
  • അവരുടെ സുരക്ഷയെ കരുതി അവരുടെ അമ്മയോട് വിവവരം പങ്കുവയ്ക്കില്ലേ
  • അവ്യക്തമായ സൂചനകൾ മാത്രം നൽകുന്ന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് ചേരുന്നതല്ലെന്ന് കെ സുധാകരൻ പറഞ്ഞു
Brennen College വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടി; തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻ

കൊച്ചി: ബ്രണ്ണൻ കോളജിലെ (Brennen College) വിവാദ പരാമർശങ്ങളോട് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയന്റെ ആരോപണങ്ങളോട് അതേ ഭാഷയിൽ മറുപടി പറയാൻ തനിക്ക് സാധിക്കില്ലെന്നും ആ നിലവാരത്തിലേക്ക് താഴാൻ തനിക്ക് ആകില്ലെന്നും സുധാകരൻ (K Sudhakaran) വ്യക്തമാക്കി.

കെ സുധാകരന്റെ വാക്കുകൾ: ഇന്നലെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ എനിക്കെതിരെ ആഞ്ഞടിച്ച് നടത്തിയ പത്രസമ്മേളനത്തിലെ ആരോപണങ്ങളോട് അതേ ഭാഷയിൽ മറുപടി പറയാൻ സാധിക്കില്ല. ആ നിലവാരത്തിലേക്ക് താഴാൻ സാധിക്കില്ല. പിആറിൽ നിന്ന് പുറത്ത് വന്ന യഥാർഥ വിജയനെയാണ് ഇന്നലെ നിങ്ങൾ കണ്ടത്. ഒരു പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയും ശരീര പ്രകൃതിയുമാണ് പിണറായിയിൽ നിന്ന് പുറത്ത് വന്നത്.

എന്റെ വ്യക്തിപരമായ സംസ്കാരവും കെപിസിസി പ്രസിഡന്റ് കസേരയിൽ ഇരുക്കുമ്പോൾ ഉണ്ടാകേണ്ട സംസ്കാരവും പിണറായി വിജയന്റെ നിലവാരത്തിലേക്ക് താഴാൻ എന്നെക്കൊണ്ട് അനുവദിക്കുകയില്ല. ഒരു മാധ്യമത്തിൽ വന്ന ഒരു അഭിമുഖമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ആ അഭിമുഖത്തെപ്പറ്റി പറയാം. അഭിമുഖത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങളല്ല പ്രസിദ്ധീകരിച്ചത്. മാധ്യമപ്രതിനിധി ഇങ്ങോട്ട് ചോദിച്ചതാണ് ബ്രണ്ണൻ കോളജിലെ കാര്യങ്ങളെപ്പറ്റി. എന്നാൽ എനിക്ക് അതേക്കുറിച്ച് പറയാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി. എന്നാൽ തനിക്ക് അറിയാൻ ഉള്ള ആ​ഗ്രഹം കൊണ്ടാണെന്നും പ്രസിദ്ധീകരിക്കില്ലെന്നും വ്യക്തമാക്കിയാണ് താൻ ഇക്കാര്യം പറ‍ഞ്ഞത്.

ALSO READ: കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി Pinarayi Vijayan

എന്നാൽ ചതിയിലൂടെയാണ് അഭിമുഖത്തിൽ ഇക്കാര്യങ്ങൾ ചേർത്തത്. ഇത് മാധ്യമപ്രവർത്തനത്തിന് അപമാനമാണ്. എനിക്ക് അദ്ദേഹത്തെ ചൂടാക്കാൻ താൽപര്യമില്ല. പിണറായിക്ക് എന്നെയും എനിക്ക് പിണറായിയെയും അറിയാം. മുഖ്യമന്ത്രിയുടെ സ്ഥാനത്തെ ഞാൻ ബഹുമാനിക്കുന്നു. ഇത്രയും സംസ്കാരശൂന്യമായ പ്രതികരണം ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു.

പിണറായി വിജയന്റെ (Pinarayi Vijayan) മക്കളെ ഞാൻ തട്ടിക്കൊണ്ടുപോയെന്നാണ് ഒരു ആരോപണം. സ്വന്തം മക്കളെ തട്ടിക്കൊണ്ട് പോകാൻ ആരെങ്കിലും ശ്രമിച്ചാൽ പോലീസിൽ പരാതി നൽകില്ലേ. അവരുടെ സുരക്ഷയെ കരുതി അവരുടെ അമ്മയോട് വിവവരം പങ്കുവയ്ക്കില്ലേ. സ്വന്തം അനുഭവം മാധ്യമങ്ങളോട് പറയാൻ എഴുതി വായിച്ച വേറെ ആരെങ്കിലും ഉണ്ടോയന്ന് എനിക്ക് അറിയില്ല. മക്കളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് എന്റെ ഒരു സുഹൃത്താണെന്നാണ് അദ്ദേഹം പറയുന്നത്. സുഹൃത്ത് മരിച്ചുപോയതിനാൽ പേര് പറയുന്നില്ലെന്നും വ്യക്തമാക്കി. മരിച്ചുപോയാൽ എന്താ പേരില്ലേ. മേൽ വിലാസം ഇല്ലേ. എന്തുകൊണ്ടാണ് പിണറായി വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കാത്തത്. അവ്യക്തമായ സൂചനകൾ മാത്രം നൽകുന്ന് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് ചേരുന്നതല്ല.

എനിക്ക് വിദേശ കറൻസി ഇടപാടുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ സാധിക്കില്ലേ. ഈ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് ‍ഡോളർ കടത്ത് (Dollar Smuggling) നടന്നത്. ഞാൻ കള്ളക്കടത്തുകാരനാണെന്നാണ് പറയുന്നത്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസും വലംകൈ സ്വപ്ന സുരേഷുമാണ്.

ALSO READ: മുഖ്യമന്ത്രിയുടേത് മരം മുറി കേസിൽ വഴി തിരിച്ച് വിടാനുള്ള തന്ത്രം-രമേശ് ചെന്നിത്തല

പത്താംക്ലാസ് പാസാകാത്ത വനിതയെ ലക്ഷങ്ങൾ ശമ്പളം നൽകി. മുഖ്യമന്ത്രി ഉള്ള എല്ലാ പരിപാടികളും അവർ പങ്കെടുത്തു. വിദേശത്ത് പോകുമ്പോൾ കൂടെ സ്വപ്ന സുരേഷ്. തിരിച്ച് വരുമ്പോൾ കൂടെ സ്വപ്ന സുരേഷ്. താമസിക്കുന്ന ഹോട്ടലിലും സ്വപ്ന സുരേഷ്. വർഷങ്ങളോളം കൂട്ടിക്കൊണ്ട് നടന്നിട്ടും ആരാണ് സ്വപ്ന സുരേഷ് എന്ന് ചോദിച്ചപ്പോൾ ഏത് സ്വപ്ന ഏത് സുരേഷ് എന്നാണ് പിറണായി ചോദിച്ചത്. ഈ കേരളത്തിലെ കൊച്ചു കുട്ടികൾ പോലും പിണറായി വിജയനെ വിശ്വസിക്കുമോ.

എനിക്ക് മണൽ മാഫിയയുമായി ബന്ധമുണ്ടെങ്കിൽ അന്വേഷിക്കണം. ഭരണം നിങ്ങളുടെ കയ്യിലല്ലേ. അന്വേഷിക്കാൻ അധികാരം ഉള്ള സർക്കാരിന്റെ തലവനാണ് താങ്കൾ. വെടിയുണ്ട പിടിച്ചെടുത്തത് പിണറായി വിജയന്റെ കയ്യിൽ നിന്നാണ്. വെടിയുണ്ട പുഴുങ്ങി തിന്നാന്നാണോ കൊണ്ടു നടക്കുന്നത്. വെടിയുണ്ട ഉണ്ടെങ്കിൽ തോക്കും ഉണ്ട്. തോക്കുമായി നടക്കുന്ന പിണറായി വിജയനാണോ തോക്ക് വാങ്ങുകയോ ഉപയോ​ഗിക്കുകയോ ചെയ്യാത്ത ഞാനാണോ മാഫിയ.

രാജ സ്കൂളിലെ ഫണ്ട് ദുരുപയോ​ഗം ചെയ്തുവെന്ന് പറയുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ എന്റെ പാർട്ടിയുണ്ട്. പരാതി കിട്ടിയാൽ പിണറായി വിജയൻ അന്വേഷിക്കണം. നട്ടെല്ലുണ്ടെങ്കിൽ പിണറായി വിജയൻ അന്വേഷണം നടത്തി എന്നെ പ്രതിക്കൂട്ടിലാക്കണം. ഒരു മുഖ്യമന്ത്രിക്ക് ശുദ്ധമായ മനസ് വേണം. തുറന്ന മനസ് വേണം. ആരോപണങ്ങൾ തെളിയിച്ചാൽ ഞാൻ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കും. അല്ലെങ്കിൽ പിണറായി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോ. കെഎസ്എഫ് ബ്രണ്ണൻ കോളജിൽ അന്ന് നാമമാത്രമാണ്. അവരാണ് സിച്ച് മുഹമ്മദ് കോയയുടെ പരിപാടി സംരക്ഷിച്ചുവെന്നാണ് പറയുന്നത്. 67 ലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. എന്നാൽ ഇക്കാര്യങ്ങൾ പുറത്ത് പറയാൻ ആ​ഗ്രഹിച്ചിരുന്നില്ല. ആർഎസ്എസുകാരനായി എന്നെ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് സിപിഎമ്മിന്റെയും മാധ്യമങ്ങളുടെയും ഉദ്ദേശ്യമാണെന്നും കെ സുധാകരൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News