തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 26-ാമത് പതിപ്പിൽ ഞായറാഴ്ച മത്സരവിഭാഗത്തിലെ പ്രദർശിപ്പിക്കുന്നത് അഞ്ച് ചിത്രങ്ങൾ. അഫ്ഗാൻ സ്ത്രീകളുടെ അതിജീവന കഥ പറയുന്ന ഇൽഗർ നജാഫ് ചിത്രം സുഗ്റ ആൻഡ് ഹെർ സൺസും ഇതിൽ ഉൾപ്പെടും. മലയാള ചിത്രമായ നിഷിദ്ധോയുടെ മേളയിലെ ആദ്യ പ്രദർശനവും ഞായറാഴ്ച നടക്കും.
ബ്രസീലിയൻ പെൺകുട്ടിയുടെയും അവളുടെ പിതാവിന്റെയും ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളെ ആധാരമാക്കിയ ചിത്രം മുറീന, ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ് എന്നിവയുടെ ഇന്ത്യയിലെ ആദ്യപ്രദർശനവും ഞായറാഴ്ച നടക്കും. കശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം അവതരിപ്പിക്കുന്ന ഐ ആം നോട്ട് ദി റിവർ ഝലം ടാഗോർ തിയേറ്ററിൽ ഉച്ചകഴിഞ്ഞ് 3.30ന് പ്രദർശനത്തിനെത്തും.
68 ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിനെത്തിയത്. കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കൽ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട് റ്റു നെറ്റ് എന്നീ നിരവധി ചിത്രങ്ങൾ നാളെ അഭ്രപാളിയിൽ മിന്നിത്തിളങ്ങും. മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയും മത്സര വിഭാഗത്തിൽ ശനിയാഴ്ച പ്രദർശിപ്പിച്ചു.
ഐ.എസ് ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ്റെ ആദ്യപ്രദർശനവും ഇന്ന് നടന്നു. കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രാവിലെ ഒൻപതിന് ഏരീസ് പ്ലെക്സ്-6-ലും ചിത്രം പ്രദർശനത്തിനെത്തി.
ഒരു കന്യാസ്‌ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ ചിത്രീകരിക്കുന്ന റൊമേനിയൻ ചിത്രം മിറാക്കിൾ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയൻ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ എന്നിങ്ങനെയുള്ള 38 സിനിമകളാണ് ലോകസിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, റോബർട്ട് ഗൈഡിഗുയ്യൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയിൽ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം അഹദ്സ് നീ എന്നീ ചിത്രങ്ങളും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്. അപർണ സെനിന്റെ ദി റേപ്പിസ്റ്റ് ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളും പ്രദർശിപ്പിച്ചു. അമിതാഭ് ചാറ്റർജിയുടെ ഇൻ ടു ദി മിസ്റ്റ് ,മധുജാ മുഖർജിയുടെ ഡീപ്പ് സിക്സ് എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട്.