മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് (Dam Waterlevel) ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടുകൾ തുറക്കാൻ തീരുമാനം. Idukki, Pamba, Idamalayar അണക്കെട്ടുകൾ നാളെ തുറക്കും. സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാന പ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്.
ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 മണിയോടെയാണ് തുറക്കുക. ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് നാളെ തുറക്കുന്നത്. ഒരു ഷട്ടർ 100 സെന്റിമീറ്റർ വീതവും മറ്റ് രണ്ട് ഷട്ടറുകൾ 50 സെന്റി മീറ്റർ വീതം തുറക്കും. ഡാമിൽ നിന്നും വെള്ളം ഒഴുകിവരുന്ന അഞ്ച് വില്ലേജുകളിലെ എഴുപതോളം കുടുംബങ്ങളെ ഇതിന് മുന്നോടിയായി മാറ്റിപ്പാർപ്പിക്കും.
Also Read: Idamalayar dam: ഇടമലയാർ ഡാം നാളെ തുറന്നേക്കും; ജാഗ്രത നിർദേശം നൽകി ജില്ലാ കളക്ടർ
ഇടുക്കി തുറക്കുന്നതിന്റെ ഭാഗമായി ഇടമലയാർ അണക്കെട്ടും നാളെ രാവിലെ 6ന് തുറക്കും. പരമാവധി 80 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തുന്നത്. പെരിയാറിൽ അനാവശ്യമായി ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഡാം തുറക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുക ആലുവ, പറവൂർ മേഖലകളെയാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇടുക്കി ഡാം (Idukki dam) കൂടി തുറക്കുന്ന സാഹചര്യത്തിൽ അതനുസരിച്ചുള്ള ക്രമീകരണം ഒരുക്കിയെന്നും കളക്ടർ ജാഫർ മാലിക് അറിയിച്ചു.
പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും. ഡാം തുറക്കാനുള്ള സമയം ചൊവ്വാഴ്ച്ച തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 25 ക്യൂമെക്സ് മുതൽ പരമാവധി 50 ക്യൂമെക്സ് വരെ വെള്ളം തുറന്നു വിടും. ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നദി തീരങ്ങളിൽ ഉള്ളവർ പ്രത്യേകമായി ജാഗ്രത പുലർത്തണം. വെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.
Also Read: Idukki Dam Opening : ഇടുക്കി ഡാം നാളെ തുറക്കും, ഇന്ന് വൈകിട്ട് റെഡ് അലേർട്ട് പ്രഖ്യാപിക്കും
എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകൾ തുറക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളുണ്ടാവാം. അവിടങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും പിണറായി വിജയൻ അറിയിച്ചു. ഡാമുകൾ തുറക്കുമ്പോൾ വേണ്ട ജാഗ്രതാനിർദേശം എല്ലായിടത്തും നൽകിയിട്ടുണ്ടെന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ മൂന്ന് ഡാമുകളാണ് തുറന്നിരിക്കുന്നത്. പത്തനംതിട്ടയിലെ കക്കി ഡാം (Kakki Dam), പാലക്കാട് ജില്ലയിൽ ഷോളയാർ ഡാം (Sholayar Dam), മലമ്പുഴ ഡാം (Malampuzha Dam) എന്നീ മൂന്ന് ഡാമുകളാണ് തുറന്നിരിക്കുന്നത്. ഇതിൽ മലമ്പുഴ ഡാമിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...