നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാം ചൊവ്വാഴ്ച തുറക്കുമെന്ന് റിപ്പോർട്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഇന്ന് രാത്രി 11 മണിയോടെ ഡാമിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചേക്കും. ആദ്യം 50 ക്യുമെക്‌സ് ജലവും തുടര്‍ന്ന് 100 ക്യുമെക്‌സ് ജലവുമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകി എത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കായിരിക്കും. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുന്ന അവസ്ഥയിലാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് വിലയിരുത്തൽ.
ഇടുക്കി ഡാമില്‍ മഴ തുടരുന്ന സാഹചര്യത്തിൽ ഇവിടെ നിന്നും ഒഴുക്കി വിടുന്ന ജലത്തിന്റെ പരിധി 200 ക്യുമെക്‌സ് ആക്കി ഉയര്‍ത്തും. രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെ ഇടുക്കി ഡാം ഇന്ന് തുറന്നു. ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് നേരത്തെ അറിയിച്ചിരുന്നത് പ്രകാരം രാവിലെ 10 മണിയോടെ തുറന്നത്. ഈ ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്‌സ് വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂൾ കർവ്.
ഇടുക്കി ഡാമിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാം തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പെരിയാറിന്റെ കരയിലുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി അറിയിച്ചു. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാർ തീരത്തുള്ള 79 കുടുംബങ്ങൾക്ക് നോട്ടിസ് നൽകുകയും 26 ക്യാംപുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും 5 വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...