കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം.ആർ അജിത് കുമാർ. ട്രാക്കിൽ കണ്ടെത്തിയ ബാഗ് പ്രതിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ബാഗിൽ നിന്ന് ലഭിച്ച ഡയറിലെ കയ്യക്ഷരവും പ്രതിയുടേത് തന്നെയാണ്. കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിയെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നതിൽ സുരക്ഷാ വീഴ്ച ഇല്ലെന്നും എഡിജിപി വ്യക്തമാക്കി.
ഇതിനിടെ, ട്രെയിൻ തീവെപ്പ് കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പുറത്തുവന്നു. ട്രെയിനിലെ ഡി-1 കോച്ചിലെ യാത്രക്കാരിയുടെ പരാതിയിലാണ് പ്രതി ഷാറൂഖ് സെയ്ഫിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിക്ക് എതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയത്. എഫ്ഐആർ ആയതിനാൽ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ മൂന്ന് മരണങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307, 326 എ, 436, 438, റെയിൽവേ ആക്ടിലെ 151 എന്നീ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് പ്രതിക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ALSO READ: മലപ്പുറത്ത് വൻ വാഹനാപകടം; നാല് വാഹനങ്ങൾ കൂട്ടിയിച്ച് 32 പേർക്ക് പരിക്ക്
എലത്തൂർ സ്റ്റേഷൻ പിന്നിട്ട ശേഷം കണ്ടാലറിയാവുന്ന പ്രതി ആളിക്കത്താൻ ഇടയുള്ള എന്തോ ദ്രാവകം ഒഴിച്ച് യാത്രക്കാരെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. പരിഭ്രാന്തരായി ഓടിയ യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എഫ്.ഐ.ഐറിൽ പരാമർശിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് മാത്രം ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. ഈ സമയം മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാലാണ് എഫ്.ഐ.ആറിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്താതിരുന്നത്.
ഇന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് പ്രതിയുമായി പോലീസ് കോടതിയിൽ എത്തിയത്. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ മാലൂർക്കുന്ന് എ.ആർ ക്യാമ്പിൽ എത്തിച്ച് ചോദ്യം ചെയ്യൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കരൾ സംബന്ധമായ അസുഖം കണ്ടതിനെ തുടർന്നാണ് പ്രതിയെ പരിശോധനക്ക് എത്തിച്ചത്. തുടർന്ന് ഷാറുഖിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഷാറൂഖിൻറെ കൈയിൽ പൊള്ളലേറ്റതിൻറെയും ദേഹമാസകലം ഉരഞ്ഞതിൻറെയും പാടുകളുണ്ട്. ഇവ ഷാറൂഖ് ട്രെയിനിൽ നിന്ന് വീണപ്പോൾ സംഭവിച്ചതാണെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...