മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായകൻ അഖിൽ മാരാർക്ക് എതിരെ പരാതി. ദിശയാണ് അഖിലിനെതിരെ പരാതി നൽകിയത്. ബിഗ് ബോസിലെ ടാസ്കിന് ഇടയിലായിരുന്നു അഖിൽ മാരാർ വിവാദ പരാമർശം നടത്തിയത്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ അഖിൽ മാരാർ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധു എന്ന ആദിവാസി യുവാവിനെ അധിക്ഷേപിച്ചതിനെതിരെ പോലീസ്, എസ് സി, എസ് ടി കമ്മീഷൻ, ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൌണ്ടേഷൻ എന്നിവർക്കാണ് പരാതി നൽകിയതെന്ന് ദിശ അറിയിച്ചു.
ALSO READ: രണ്ടാമത്തെ ക്യാപ്റ്റനായി ഒടുവിൽ സാഗർ; ഗോപികക്ക് എന്ത് പറ്റി?
സിനിമയിലെ പ്രശസ്തരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടാസ്കിനിടയിൽ മീശ മാധവനായി ഒരുങ്ങി നിൽക്കുന്ന സാഗർ സൂര്യയോടാണ് അഖിൽ മാരാർ വിവാദ പരാമർശം നടത്തിയത്. 'നിന്നോട് അരിയാഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങൾ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിൻറെ അവസ്ഥ വരും'എന്നായിരുന്നു അഖിൽ പറഞ്ഞത്.
അഖിലിൻറെ 'തമാശ' കേട്ട് ബിഗ് ബോസ് ഹൌസിലെ മറ്റ് മത്സരാർത്ഥികളിൽ ചിലർ ചിരിക്കുന്നത് കാണാമായിരുന്നു. എന്നാൽ, അഖിൽ തമാശരൂപേണ പറഞ്ഞതാണെങ്കിലും പരാമർശം പെട്ടെന്ന് തന്നെ വിവാദമായി. അഖിലിൻറെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
2018 ഫെബ്രുവരി 22നാണ് മുപ്പതുകാരനായ മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ടം അട്ടപ്പാടിയിലെ മുക്കാലിയിൽ എത്തിച്ച് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമ്പോഴേക്കും മധു മരിച്ചിരുന്നു.
വിവാദമായ മധു കൊലക്കേസിൽ മാർച്ച് 4ന് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചിരുന്നു. കേസിലെ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച കോടതി ഒന്നാം പ്രതി ഹുസൈന് ഏഴ് വർഷം കഠിന തടവും 1,05,000 രൂപ പിഴയുമാണ് വിധിച്ചത്. കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടിരുന്നു. നാലാം പ്രതി അനീഷ് പതിനൊന്നാം പ്രതി അബ്ദുൾ കരീം എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...