സ്വപ്‌ന സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം.മുഖ്യമന്ത്രിക്ക് ആ കസേരയില്‍ തുടരാന്‍ അര്‍ഹതയും യോഗ്യതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കസ്റ്റംസിന് സ്വപ്‌ന നല്‍കിയതും കോടതിയില്‍ 164 പ്രകാരം നല്‍കിയതും ഒരേ മൊഴികളാണ്. കസ്റ്റംസിന് മൊഴി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണം നിലച്ചത്. സി.പി.എം- ബി.ജെ.പി അവിശുദ്ധബന്ധത്തിന്റെ ഭാഗമായാണ് അന്വേഷണം എങ്ങുമെത്താതെ പോയത്. സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചെ മതിയാകൂ. പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം കൊണ്ട് കാര്യമില്ല. യു.ഡി.എഫ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോള്‍ ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. കുറ്റസമ്മത മൊഴി ഉള്‍പ്പെടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈയ്യിലുള്ളപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ അന്വേഷണം അവസാനിപ്പിച്ച് ഏതാനും പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്ന ചോദ്യം പ്രതിപക്ഷം നിരവധി തവണ ഉന്നയിച്ചതാണ്.
കസ്റ്റംസ് കോടതിയില്‍ തന്നെ കുറ്റസമ്മതത്തതിന് സമാനമായ മൊഴി വന്നതിന് പിന്നാലെയാണ് കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേന്ദ്രത്തിലെ സംഘപരിവാര്‍ നേതാക്കളും കേരളത്തിലെ സി.പി.എം നേതാക്കളും തമ്മിലുണ്ടാക്കിയ രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് അന്വേഷണങ്ങളെല്ലാം അവസാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പല സീറ്റുകളിലും ബി.ജെ.പിയുടെ സഹായം സി.പി.എമ്മിന് കിട്ടാന്‍ കാരണമായതും ഈ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്. ഇടനിലക്കാരുടെ സന്നിധ്യത്തിലാണ് സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുമായി രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടാക്കിയത്. യു.ഡി.എഫ് തുടക്കം മുതല്‍ക്കെ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സോളാര്‍ കേസില്‍ കുറ്റാരോപിതയുടെ കൈയ്യില്‍ നിന്നും പരാതി എഴുതിവാങ്ങി മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്ത സര്‍ക്കാരാണിത്. അങ്ങനെയുള്ളവര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയാണെന്ന് പറഞ്ഞ് തള്ളിക്കളയാനാകുമോ? പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കും വ്യത്യസ്ത നീതി നല്‍കുന്നത് ശരിയല്ലെന്നും വി. ഡി സതീശൻ പറഞ്ഞു.
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആ വശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സുതാര്യമായ അന്വേഷണം സാധ്യമാകണമെങ്കില്‍ ജുഡീഷ്യറിയുടെ മേല്‍ നോട്ടം ഉണ്ടാകണമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ വിശ്വാസം നഷ്ടമായെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യതയില്ല.ബിരിയാണി പാത്രത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയില്‍ തുടരുന്നത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. ആത്മാഭിമാനം ഉണ്ടെങ്കില്‍ രാജിവെച്ച് അന്വേഷണത്തെ നേരിടാനുള്ള ജനാധിപത്യ വിവേകവും തന്റേടവും ധാര്‍മ്മികതയും മുഖ്യമന്ത്രി കാണിക്കണം. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ തയ്യാറാകണം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ഒരു മുഖ്യമന്ത്രിക്ക് പങ്കുണ്ടാകുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ തലകുനിച്ച് നടന്ന് പോകുന്ന മുഖ്യമന്ത്രി സ്വയം പരിഹാസപാത്രമായി മാറിയെന്നും സത്യം പുറത്ത് വരണമെങ്കില്‍ കോടതിയുടെ മേല്‍ നോട്ടത്തില്‍ സിബിഐ അന്വേഷണമോ,ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നും സുധാകരന്‍ പറഞ്ഞു.
സ്വര്‍ണ്ണകള്ളക്കടത്ത് കേസ് തുടക്കം മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പര ധാരണ പ്രകാരം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്.അതിനാലാണ് ഇത്തരം സത്യങ്ങള്‍ അന്വേഷണത്തില്‍ പുറത്ത് വരാതിരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അവിഹിത കരാറിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ കുഴിച്ച് മൂടിയ സത്യങ്ങളാണ് ഇപ്പോള്‍ ഓരോന്നായി പുറത്ത് വരുന്നത്.മോദിയും പിണറായി വിജയനും തമ്മിലുണ്ടാക്കിയ പാക്കേജിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസും ബിജെപി നേതാക്കള്‍ക്കെതിരായ ഹവാല കേസും ഏറെക്കുറെ അവസാനിച്ചതാണ്.സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആ ധാരണകള്‍ പൊളിയുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
തൃക്കാക്കര പരാജയത്തെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തത് ജാള്യത കൊണ്ടാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെ തമ്പടിച്ച് പൊതുഫണ്ട് ധൂര്‍ത്തടിച്ച് പ്രചരണത്തിന് നേതൃത്വം നല്‍കിയിട്ടും പത്ത് വോട്ട് പോലും കൂടുതല്‍ കിട്ടിയില്ല. ഇടതുപക്ഷത്തിന് അവരുടെ വോട്ട് പോലും ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ പരിഹസിച്ചു.ചിട്ടയായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യുഡിഎഫും തൃക്കാക്കരയില്‍ നടത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിനെയും മുന്നണിയേയും സജ്ജമാക്കുകയെന്നതാണ് ലക്ഷ്യമെന്നും അതിനായി പരിപാടികള്‍ ആസുത്രണം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.