K. Muraleedharan on Jose K Mani: ജോസ് കെ മാണിയേയും തിരിച്ചെത്തിക്കണം; ലീഗില്ലാതെ ഭരണത്തിൽ തിരിച്ചെത്താനാവില്ല; വെറുതെ മേനി നടിച്ചിട്ട് കാര്യമില്ലെന്ന് മുരളീധരൻ

K Muraleedharan on Jose K Mani: അനാവശ്യമായ വിവാദമായിരുന്നു അത്, ഒരു നേതാവ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനെ എന്തിന് എതിർക്കണം; അത് ചർച്ചയായത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കി 

Written by - മഞ്ജുഷ് ഗോപാൽ | Edited by - ശാലിമ മനോഹർ ലേഖ | Last Updated : Nov 30, 2022, 05:02 PM IST
  • മറ്റൊരു മുന്നണിയിൽ നിൽക്കുമ്പോൾ അങ്ങിനെ പെട്ടെന്ന് നിലപാട് മാറ്റാനാവില്ലല്ലോ
  • മുന്നണിവിട്ടവരെ തിരികെ എത്തിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണല്ലോ
K. Muraleedharan on Jose K Mani: ജോസ് കെ മാണിയേയും തിരിച്ചെത്തിക്കണം; ലീഗില്ലാതെ ഭരണത്തിൽ തിരിച്ചെത്താനാവില്ല; വെറുതെ മേനി നടിച്ചിട്ട് കാര്യമില്ലെന്ന് മുരളീധരൻ

തിരുവനന്തപുരം: പാർട്ടിയെയും  മുന്നണിയെയും താഴെത്തട്ടിൽ ശക്തമാക്കേണ്ട സമയത്ത് അനാവശ്യ വിവാദങ്ങൾ വഴി തെറ്റിക്കുകയാണെന്ന് കെ മുരളീധരൻ. ശശി തരൂരിനെ എതിർത്തും ലീഗിനെ പിണക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ നടത്തിയും സ്വയം കുഴിതോണ്ടുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മുരളീധരൻ .തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പ് വർഷങ്ങളാണ് മുന്നിലുള്ളത് . കേന്ദ്രത്തിലേക്ക് ആര് പോകും കേരളത്തിൽ ആര് നിൽക്കും എന്നൊക്കെ പറഞ്ഞ് സമയം കളയുകയാണ്. കേരളത്തിലേക്ക് മടങ്ങിയെത്താൻ കൊതിച്ചു നിൽക്കുന്ന നേതാക്കളെ ചൂണ്ടിയാണ് മുരളിയുടെ പ്രതികരണം .

ZEE മലയാളം ന്യൂസിന്റെ  എഡിറ്റർ മഞ്ജുഷ് ഗോപാൽ ,കെ മുരളീധരനുമായി നടത്തിയ അഭിമുഖം 

ചോദ്യം: താങ്കളുടെ മനസിൽ വീണ്ടും നിയമസഭയിലെത്തണം എന്ന ആഗ്രഹമാണല്ലോ .എന്നിട്ടും എന്തിനാണ് പാർലെമെന്റിലേക്ക് മത്സരിക്കാം എന്ന് പറഞ്ഞത് ?

കെ മുരളീധരൻ: അതിപ്പോ പാർലമെന്റിലേക്ക് മത്സരിച്ചിട്ട് കാര്യമില്ല, കോൺഗ്രസ് അധികാരത്തിൽ വരാൻ പോകുന്നില്ല എന്ന സന്ദേശം കൊടുക്കുന്നത് പാർട്ടിക്ക് നല്ലതല്ല. നിയമസഭയിലേക്ക് മത്സരിച്ച് അടുത്തതവണ എംഎൽഎയോ മന്ത്രിയോ ആയി ഭരണത്തിൽ പ്രാതിനിധ്യം കിട്ടുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല. മറിച്ച് ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കണം . ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ തയ്യാറായി നിൽക്കുന്നവർ വന്നോട്ടെ . പാർലമെന്റിലേക്ക് ഇനിയും പോകാൻ ഞാൻ തയ്യാർ

ചോദ്യം : പക്ഷേ ഇത് സത്യസന്ധമായി പറയുന്നതാണോ .വട്ടിയൂർക്കാവ് വിടാൻ താങ്കൾ ഒരിക്കലും ആഗ്രഹിച്ചതല്ല?

കെ മുരളീധരൻ: എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ് . എന്തായാലും പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷം കൂടിയുണ്ട് നിയമസഭാ തെരഞ്ഞെടുപ്പിന് . നിലവിലുള്ള എംപിമാർക്ക് അവസരം കൊടുക്കുന്നതാണ് പതിവ്. മത്സരിക്കുന്നതിനെക്കുറിച്ച് അഭിപ്രായവും ചോദിക്കും . സ്വാഭാവികമായും വടകരയിൽ തുടരാമെന്നേ ഞാൻ പറയൂ. ബാക്കി പാർട്ടി തീരുമാനിക്കട്ടെ .

ചോദ്യം : കേരളത്തിലേക്ക് ശ്രദ്ധ ഊന്നുന്ന തരൂരിന്റെ കാര്യമോ . തരൂരിനെതിരായ എതിർപ്പോ ?

കെ മുരളീധരൻ: അനാവശ്യമായ ഒരു വിവാദമായിരുന്നു അത് . ഒരു നേതാവ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനെ എന്തിന് എതിർക്കണം. അത് ചർച്ചയായത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കി .എന്തായാലും അച്ചടക്ക സമിതി ഉണർന്ന് പ്രവർത്തിച്ചു . കൃത്യമായ മാനദണ്ഡം നൽകി. അത് തരൂരിനെ വിലക്കുന്നതല്ല. ജില്ലാ കമ്മറ്റിയെ അറിയിച്ച് പരിപാടി നടത്തണം എന്നതാണ് മാനദണ്ഡം .ഇനി നടന്ന കാര്യം ചർച്ച ചെയ്യേണ്ടതില്ല.

ചോദ്യം : ഈ പറയുന്ന മാനദണ്ഡം നേരത്തെയും ഉള്ളതാണല്ലോ .പുതുതായി ഒന്നും അച്ചടക്ക സമിതി പറഞ്ഞിട്ടില്ല.

കെ മുരളീധരൻ: അതേ ഉള്ള കാര്യം തന്നെയാണ് .ഒന്നുകൂടി ശക്തമായി പറഞ്ഞു. മാത്രമല്ല പരിപാടിക്ക് ക്ഷണം വരുമ്പോൾ ക്ഷണിക്കുന്നവർ വിമതനീക്കം നടത്തുന്നവരല്ലെന്ന് ബോധ്യപ്പെടുത്തണം . സംശയം തോന്നിയാൽ ഡിസിസിക്ക് ഇടപെടാം.

ചോദ്യം : തരൂരിനെ പിന്തുണച്ച് ആദ്യം പ്രതികരിച്ച സമയത്ത് എല്ലാം അന്വേഷിച്ചറിഞ്ഞെന്ന് പറഞ്ഞതെന്തിന് ? എന്താണറിഞ്ഞതെന്ന് പറയാതെ ചില നേതാക്കളെ താങ്കൾ സംശയ നിഴലിലാക്കി?

കെ മുരളീധരൻ: അങ്ങിനെയല്ല. ഞാൻ അറിഞ്ഞത് മുഴുവൻ വെളിപ്പെടുത്താൻ പറ്റില്ലായിരുന്നു . കെപിസിസി പ്രസിഡന്റിന്റെ വിലക്കിന് ശേഷം ഞാൻ മിണ്ടിയതുമില്ല.എന്തായാലും ആ വിവാദം കഴിഞ്ഞു. ക്ളോസ്ഡ് ചാപ്റ്റർ എന്ന് നേതാക്കളും പറഞ്ഞുകഴിഞ്ഞു. ഇനി തുറക്കേണ്ട ആവശ്യമില്ല

Also read: Justice for Sanju: സഞ്ജുവിനെതിരെ നടക്കുന്നത് ഗൂഡാലോചനയോ? സെലക്ഷൻ പീഡനം ഇനിയും സഹിക്കണോ?

ചോദ്യം: ശശി തരൂരിനെ പിന്തുണച്ച് താങ്കൾ വന്നപ്പോൾ ഉയർന്ന ചോദ്യം എഐസിസി അധ്യക്ഷ തെര‍ഞ്ഞെടുപ്പിൽ ഇതല്ലായിരുന്നു തരൂരിനോടുള്ള സമീപനം എന്നതാണ് ?

കെ മുരളീധരൻ: രണ്ടും രണ്ടായി കാണണം .തരൂർ ഒരു പൊതുപരിപാടിയിൽ പങ്കുടുക്കുന്നതും ആളെക്കൂട്ടുന്നതും പോലെയല്ല, കോൺഗ്രസ് പാർട്ടിയെ ദേശീയ തലത്തിൽ നയിക്കുന്നത് . അതിൽ ഖാർഗെയുടെ അരികിലെത്താൻ തരൂരിനാവില്ല. വെറും അഡ്മിനിസ്ട്രേറ്റീവ് സ്കിൽ അല്ല അത് . ഖാർഗെ സമീപകാലത്ത് ഇടപെട്ട് പരിഹരിച്ച തർക്കങ്ങൾ നോക്കുക. പാർട്ടിയെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിനാകും . പിന്നെ തരൂർ കേരളത്തിൽ വരുന്നതും പരിപാടിയിൽ പങ്കെടുക്കുന്നതും . എഐസിസി തെരഞ്ഞെടുപ്പ് തീർന്നതോടെ തരൂരിനെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം കഴിഞ്ഞു. കേരളത്തിൽ വരുന്നതിൽ തെറ്റായി ഒന്നും കാണേണ്ടതില്ല.

ചോദ്യം: പക്ഷേ അങ്ങിനെയാണ് മുതിർന്ന നേതാക്കൾ പോലും കണ്ടത് ?

കെ മുരളീധരൻ: ഞാൻ പറഞ്ഞത് തരൂരിനോടുള്ള എന്റ നിലപാടിനെക്കുറിച്ചാണ് . അതിൽ ഇരട്ടത്താപ്പ് ഇല്ലെന്നാണ് പറഞ്ഞത് . പിന്നെ എതിർപ്പ് വന്നത് ഇപ്പോൾ പരിഹരിച്ചിട്ടുണ്ടല്ലോ . അത് വീണ്ടും തുറക്കേണ്ട.

ചോദ്യം: ചില അനുകൂല ഘടകങ്ങൾ ഉണ്ടായി വന്നപ്പോഴാണ് കോൺഗ്രസിൽ വിഴുപ്പലക്കൽ വീണ്ടും തുടങ്ങിയത് .പുതിയ ഗ്രൂപ്പുകൾ ഉയർന്നു വരുന്നത് ഈ ഘടകങ്ങളെ ഇല്ലാതാക്കില്ലേ ?

കെ മുരളീധരൻ: കെ കരുണാകരന്റെയും എ കെ ആന്റണിയുടേയും കാലത്ത് ആശയങ്ങളുടെ പിന്തുണയുള്ള ഗ്രൂപ്പുകളായിരുന്നു . എന്നാൽ ഇന്ന് വെറും സ്ഥാനങ്ങൾക്ക് മാത്രമുള്ള ഗ്രൂപ്പുകളാണ് . ഓരോ നേതാവിന്റെയും പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമത്തെ അണികൾ തള്ളിക്കളയും . ഇപ്പോൾ താഴെത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത് . പാർട്ടി ശക്തമാണ് എന്നാൽ ചലിക്കാത്ത അവസ്ഥ മാറ്റണം.

ചോദ്യം : കോൺഗ്രസിനെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രം ഭരണത്തിൽ തിരിച്ചുവരാനാവില്ലല്ലോ . വിട്ടുപോയവരെ തിരികെക്കൊണ്ടുവന്ന് മുന്നണി ശക്തിപ്പെടുത്തേണ്ട സമയമല്ലേ .പക്ഷേ കേരള കോൺഗ്രസ് (എം) ആ ക്ഷണം നിരസിക്കുകയാണല്ലോ ?

കെ മുരളീധരൻ:കേരള കോൺഗ്രസ് മുന്നണിയിൽ നിന്ന് പോകുന്നത് താൽപര്യപ്പെടാത്ത ആളായിരുന്നു ഞാൻ. ജോസ് കെ മാണിയും കൂട്ടരും യുഡിഎഫിനൊപ്പം വരണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. ജോസ് കെ മാണിക്ക് വൈകാതെ യുഡിഎഫിനൊപ്പം വരേണ്ടിവരും . എൽഡിഎഫ് അല്ല കേരളകോൺഗ്രസിന് പറ്റിയ പ്ളാറ്റ്ഫോം. തിരിച്ചുവരവ് പെട്ടെന്ന് നടക്കില്ലായിരിക്കും പക്ഷേ ഉണ്ടാകാതിരിക്കില്ല.

ചോദ്യം : കോൺഗ്രസിന്റെ ചിന്തൻ ശിബിരിൽ കേരള കോൺഗ്രസ് മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന പ്രമേയം ഉണ്ടായിരുന്നുവല്ലോ .എന്നാൽ ഞങ്ങളെ പുറത്താക്കിയതാണെന്ന് പറഞ്ഞ് അവർ പരസ്യമായി തള്ളിക്കളഞ്ഞു.ഇനിയും പ്രതീക്ഷിക്കണോ ?

കെ മുരളീധരൻ: മറ്റൊരു മുന്നണിയിൽ നിൽക്കുമ്പോൾ അങ്ങിനെ പെട്ടെന്ന് നിലപാട് മാറ്റാനാവില്ലല്ലോ . അത് മാത്രമല്ല യുഡിഎഫിൽ നിന്നപ്പോഴുള്ള പരിഗണന മറ്റൊരു മുന്നണിയിൽ ഉണ്ടാവില്ല. ജോസഫ് ഗ്രൂപ്പ് തിരികെ വന്നത് അത് കൊണ്ടാണല്ലോ.വെറും മൂന്ന് മാസത്തെ അധികാരത്തെ ചൊല്ലിയുണ്ടായ ഒരു നിസാര തർക്കമാണ് .അത് ഒഴിവാക്കാമായിരുന്നു .ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ എനിക്ക് വിശ്വാസമുണ്ട്.

ചോദ്യം: മുന്നണിവിട്ടവരെ തിരികെ എത്തിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണല്ലോ , ഉള്ളവരെ നിലനിർത്തുന്നത് . ലീഗിന് 10 വർഷം അധികാരത്തിൽ നിന്ന് വിട്ടുനിൽക്കൽ സുഖകരമല്ല. അതിനിടെയാണ് ലീഗിനെ പിണക്കുന്ന പ്രസ്താവനകൾ കോൺഗ്രസ് നേതാക്കൾ നടത്തുന്നത് ?

കെ മുരളീധരൻ: ലീഗില്ലാതെ മുന്നണി അധികാരത്തിലെത്തില്ല. ഇത് പറയുന്നതിൽ എനിക്ക് മടിയില്ല. ചില യാഥാർത്ഥ്യങ്ങൾ പറയേണ്ടിവരും .67ൽ ഇതിനേക്കാൾ ശക്തമായ അവിഭക്ത കോൺഗ്രസായിരുന്നു .എങ്കിലും ലീഗില്ലാതെ ഒറ്റക്ക് നിന്ന് മത്സരിച്ചപ്പോൾ ഭാരതപ്പുഴക്ക് അപ്പുറം ഒരു സീറ്റ് പോലും കിട്ടിയില്ല. വെറുതെ മേനി പറഞ്ഞിട്ട് കാര്യമില്ലല്ലോ . 67 ൽ ഒറ്റക്ക് പോരാടി, രണ്ടാം സ്ഥാനത്തെത്തി എന്നാക്കെ പറയുമ്പോൾ അന്ന് ആറ് മണ്ഡലങ്ങളിൽ കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. 
കെ സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് പറഞ്ഞാൽ അതും ഞങ്ങൾ പരിഹരിച്ചു. ലീഗിന് കാര്യങ്ങൾ ബോധ്യപ്പെട്ടു. പിന്നെ 10 വർഷം അധികാരത്തിൽ നിന്ന് പുറത്തുനിൽക്കുന്നത് .തിരിച്ചുവരാനാവുമെന്ന് ലീഗിനറിയാം .യുഡിഎഫ് വിട്ട് ഒരു കളിക്കും അവർ പോകില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News