പാലക്കാട്: അട്ടപ്പാടി മധു കേസിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. മരക്കാർ, ഷംസുദീൻ, അനീഷ്, രാധാകൃഷ്ണൻ, അബുബക്കർ എന്ന ബക്കർ, സിദ്ദീഖ്, നജീബ്, ജയ്ജുമോൻ, അബ്ദുൽ കരീം, സജീവ്, ബിജു, മുനീർ എന്നിവരുടെ ജാമ്യമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി റദ്ദാക്കിയത്. കോടതിയിൽ ഹാജരായ നാലാം പ്രതി അനീഷ്, ഏഴാം പ്രതി സിദ്ദീഖ്, പതിനഞ്ചാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റ് ഒമ്പത് പേർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു.
മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി കെഎം രതീഷ് കുമാറാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കേസ് അട്ടിമറിക്കാൻ പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഒന്നാം പ്രതി ഹുസൈൻ, എട്ടാം പ്രതി ഉബൈദ്, പതിമൂന്നും പതിനാലും പ്രതികളായ സതീഷ്, ഹരീഷ് എന്നിവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. അടുത്തിടെ, കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു. അതേസമയം, മധുവിന്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ കേസിൽ, അറസ്റ്റിലായ ഷിഫാന് കോടതി ജാമ്യം അനുവദിച്ചു.
ALSO READ: അട്ടപ്പാടി മധു കേസിൽ പതിനാലാം സാക്ഷിയും കൂറ് മാറി
അതേസമയം മധു കൊലക്കേസിൽ കൂറുമാറ്റം തുടരുകയാണ്. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ചിലർ സാക്ഷികളെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...