തിരുവനന്തപുരം: സ്പീക്കർ പാനലിൽ പൂർണമായും സ്ത്രീകളെ ഉൾപ്പെടുത്തി സ്പീക്കർ എഎൻ ഷംസീർ. ചെയര്മാൻമാരുടെ പാനലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സ്പീക്കര്‍ എഎന്‍ ഷംസീർ തന്റെ ആദ്യ സമ്മേളനത്തില്‍ തന്നെ ശ്രദ്ധേയമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത സമയം സഭാ നടപടികള്‍ നിയന്ത്രിക്കുവാനുള്ള പാനലില്‍ മുഴുവന്‍പേരെയും വനിതാ അംഗങ്ങളില്‍നിന്ന് നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ചരിത്രത്തില്‍ ഇടം നേടുന്നത്.
യു പ്രതിഭ, സികെ ആശ, കെകെ രമ എന്നിവരാണ് പാനല്‍ അംഗങ്ങള്‍. സാധാരണഗതിയില്‍ മൂന്ന് പേര് അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിതാ അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ടത് കേരള നിയമസഭയില്‍ ആദ്യമായാണ്. സ്പീക്കർ എഎൻ ഷംസീർ പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വയ്ക്കുകയായിരുന്നു. ഇത് അംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതാ അംഗങ്ങളെ നിർദേശിച്ചു.
കോൺഗ്രസ് എംഎൽഎ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെകെ രമയെയാണ് നിർദേശിച്ചത്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്ക് മാത്രമാണ് അവരം ലഭ്യമായിട്ടുള്ളത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിന്റെ പ്രസക്തി. എഎൻ ഷംസീർ സ്പീക്കറായതിന് ശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെയാണ് ചരിത്രപരമായ തീരുമാനമെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...