ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരായ സ്ത്രീ വിരുദ്ധ പരാമർശ പരാതിയിലും തുടർന്നുള്ള വിവാദങ്ങളിലും പരസ്യ പ്രതികരണം വിലക്കി ജില്ലാ നേതാക്കൾക്ക് സിപിഎം (CPM) സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. മന്ത്രിയുടെ വാർത്താ സമ്മേളനത്തെ തുടർന്നുള്ള വിവാദങ്ങൾ തീരും മുൻപ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പൊലീസിൽ (Police) പരാതി നൽകിയത് വിഭാഗീയ നീക്കങ്ങളുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. അതേസമയം സുധാകരനെതിരായ പരാതിയിൽ പൊലീസ് തുടർ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല.
മന്ത്രി ജി സുധാകരൻ വാർത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജില്ലാ നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തിയിട്ടും പരാതി പിൻവലിക്കാൻ പരാതിക്കാരി ഒരുക്കമായില്ല. എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം കൂടിയായ പരാതിക്കാരി പരാതി പിൻവലിക്കാൻ ഒരുക്കമല്ലെന്നും പരാതി പിൻവലിച്ചുവെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും വിശദീകരിച്ചിരുന്നു.
ആലപ്പുഴ സിപിഎമ്മിൽ ജി സുധാകരനെതിരെ (G Sudhakaran) രൂപപ്പെട്ട ചേരിയുടെ പിന്തുണ പരാതിക്കാരിക്ക് ഉണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തുടങ്ങിയ രൂക്ഷമായ വിഭാഗീയത ചെറുക്കാൻ സംസ്ഥാന നേതൃത്വം ഇടപെടൽ ശക്തമാക്കിയിരിക്കുകയാണ്. പുതിയ വിവാദങ്ങളിൽ പരസ്യ പ്രതികരണം വേണ്ട. എന്നാൽ പുതിയ ചേരിക്കെതിരെ ശക്തമായി നീങ്ങാനാണ് സുധാകരനെ പിന്തുണയ്ക്കുന്ന പക്ഷത്തുള്ള നേതാക്കളുടെ തീരുമാനം.
സുധാകരനെതിരായ പരാതി ഏത് വിധേനയും പിൻവലിപ്പിക്കാൻ ജില്ലാ നേതൃത്വം ശ്രമം തുടരുന്നുണ്ട്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പലപ്പുഴ സ്റ്റേഷനിലും സൗത്ത് സ്റ്റേഷനിലുമായി പരാതി തട്ടിക്കളിക്കുന്ന സാഹചര്യമാണുള്ളത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് പരാതിക്കാരി.
ALSO READ: സിപിഎമ്മിൽ പൊട്ടിത്തെറി, പാർട്ടിക്കുള്ളിൽ പൊളിറ്റിക്കൽ ക്രിമിനലുണ്ടെന്ന് മന്ത്രി ജി സുധാകരൻ
മന്ത്രി ജി.സുധാകരന് എതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന വാദവുമായി പൊലീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മന്ത്രി ജി. സുധാകരന് എതിരായ പരാതിയിൽ ഉറച്ച് നിൽക്കുന്നില്ലെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു. പല ഭാഗത്ത് നിന്നും സമ്മർദം ഉണ്ടായെങ്കിലും പരാതി പിൻവലിക്കാൻ ഒരുക്കമല്ല. പിൻവലിച്ചുവെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും അവർ പ്രതികരിച്ചു.
സംഭവത്തിൽ പരാതിക്കാരിയുടെ ഭർത്താവിനോട് വിശദീകരണം തേടാൻ സിപിഎം തീരുമാനിച്ചിരുന്നു. പുറക്കോട് ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം. സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിന് ഇടയാക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചാണ് ജി സുധാകരനെതിരെ പരാതി നൽകിയത്. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം കഴിച്ചതിന് പിന്നാലെ മന്ത്രി പേഴ്സണൽ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയർന്നിരുന്നു.
അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ വ്യക്തമാക്കി. ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. പരാതിക്ക് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ട്. പേഴ്സണൽ സ്റ്റാഫിനെതിരെ നടപടിയെടുക്കാൻ പറഞ്ഞിട്ടില്ല. ഒരു പൊലീസുകാരനേയും വിളിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല. പരാതി നൽകിയവർ നിരപരാധികളാണ്. അവരെ തനിക്കെതിരെ പ്രവർത്തിക്കുന്ന സംഘം ഉപയോഗിക്കുകയാണ്. തനിക്കെതിരെ പല പാർട്ടിയിൽപ്പെട്ട ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജി സുധാകരൻ ആരോപിച്ചു. സിപിഎമ്മിൽ ഇത്തരക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്തി. തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കാൻ ശ്രമം നടന്നു. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെടൽ നടത്തിയിട്ടില്ലെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...