കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിവിസ്താരത്തിന് ഹൈക്കോടതി 10 ദിവസം കൂടി അനുവദിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
നേരത്തെ ജനുവരി 26നകം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാനായിരുന്നു ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. എന്നാൽ കൂടുതൽ സമയം നൽകണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി 10 ദിവസം കൂടി അനുവദിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ളവരുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരുകയാണ്. പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യുന്നതിനിടയിൽ ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെ അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി. ഇതിനു പുറമേ ഇന്നലെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയേയും ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തിയിരുന്നു.
സംവിധായകൻ റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനാണ്. ബാലചന്ദ്ര കുമാർ നൽകിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്‍റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...