കൊച്ചി: വധഗൂഢാലോചന കേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന നടൻ ദിലീപിൻറെ ഹർജിയിൽ ഹൈക്കോടതി വിധി നാളെ. നാളെ 1.45നാണ് ഹൈക്കോടതി വിധി പറയുക. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വിധി പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും നടത്തിയ ഗൂഢാലോചനയാണ് കേസെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസ് റദ്ദാക്കുകയോ അല്ലെങ്കിൽ സിബിഐക്ക് വിടുകയോ ചെയ്യണമെന്നാണ് ദിലീപിന്റെ ആവശ്യം. പ്രാഥമികമായി തന്നെ തെളിവുകളുള്ള കേസാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
വധഗൂഢാലോചനക്കേസിൽ മുൻകൂർജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കേസിലെ എഫ്ഐആർ തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിച്ചത്. അതേസമയം, മാധ്യമങ്ങൾക്ക് അന്വേഷണ വിവരം കൈമാറിയെന്ന പരാതിയിൽ എ.ഡി.ജി.പി എസ്. ശ്രീജിത്ത് വിചാരണ കോടതിയിൽ വിശദീകരണം നൽകി. എ.ഡി.ജി.പിയുടെ വിശദീകരണത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സമർപ്പിച്ചതിന്റെ കോപ്പി പേസ്റ്റാണ് വീണ്ടും സമർപ്പിച്ചതെന്ന് കോടതി വിമർശിച്ചു.
അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറരുതെന്ന കോടതി നിർദേശം ലംഘിച്ചെന്നാണ് പരാതി. ഈ കേസിൽ വിശദമായ വാദം 21ന് നടക്കും. കൂടാതെ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയും കോടതി 21ന് പരിഗണിക്കാനായി മാറ്റി. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൻറെ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് വിചാരണ കോടതിയിൽ സമർപ്പിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യം അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...