M V Govindan: വന്ദനയ്ക്ക് നേരിട്ടത് ഇനി അവർത്തിക്കാതിരിക്കാൻ നടപടി: എം വി ഗോവിന്ദൻ

M V Govindan visits Dr.Vandana's house: ഇന്ന് വൈകുന്നേരത്തോടെ വന്ദനയുടെ വീട്ടിൽ എത്തിയ അദ്ദേഹം വന്ദനയുടെ അച്ഛൻ മോഹൻ ദാസിനെ ആശ്വസിപിച്ച ശേഷമാണ് മടങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 07:07 PM IST
  • ഇന്ന് വൈകുന്നേരമാണ് എം വി ഗോവിന്ദൻ വന്ദനയുടെ വീട്ടിൽ എത്തിയത്.
  • ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്തും.
  • തിരുവഞ്ചൂരിന്റെ ഗ്ലിസറിൻ പരാമർശം പ്രതിപക്ഷത്തിന്റെ ഗവൺമെന്റ് വിരുദ്ധ പ്രചാരവേലയാണെന്ന് അദ്ദേഹം വിമർശിച്ചു.
M V Govindan: വന്ദനയ്ക്ക് നേരിട്ടത് ഇനി അവർത്തിക്കാതിരിക്കാൻ നടപടി: എം വി ഗോവിന്ദൻ

കോട്ടയം: കൊല്ലപ്പെട്ട വനിത ഡോക്ടർ ഡോ.വന്ദനയുടെ വീട്ടിൽ നേരിട്ടെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇന്ന് വൈകുന്നേരമാണ് അദ്ദേഹം വന്ദനയുടെ വീട്ടിൽ എത്തിയത്. വന്ദനയുടെ അച്ഛൻ മോഹൻ ദാസിനെ ആശ്വസിപിച്ച ശേഷമാണ് എം വി ​ഗോവിന്ദൻ മടങ്ങിയത്. 

വന്ദനയ്ക്ക് നേരിടേണ്ടി വന്നത് ഇനി അവർത്തിക്കാതിരിക്കാൻ നടപടികളെടുക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണവും സുരക്ഷ ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഇന്നലെ ചേർന്ന യോഗം ഇക്കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 

ALSO READ: ആശുപത്രിയില്‍ ചികിത്സ സൗകര്യം ഉണ്ടായില്ല, ഇത് ഭരണകൂടത്തിന്റെ പരാജയം; വന്ദനയുടെ സഹപ്രവര്‍ത്തകര്‍

പ്രതിരോധ ജാഥയുടെ ഘട്ടത്തിൽ തന്നെ ഡോക്ടർമാർ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എം വി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അതിന് കഴിഞ്ഞില്ല. വിഷയത്തിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഗ്ലിസറിൻ പരാമർശത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇതെല്ലാം പ്രതിപക്ഷത്തിന്റെ ഗവൺമെന്റ് വിരുദ്ധ പ്രചാരവേലയാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. 

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരാനും സുരക്ഷ ഉറപ്പാക്കുന്നതിന്  പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കാനും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നായിരുന്നു യോ​ഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. ഇതിനായി ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ എന്നിവയാണ് ആദ്യ വിഭാഗത്തിൽ വരുന്നത്. ഇവിടങ്ങളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കണം. ഇവിടെ എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിങ്ങനെ ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ വിന്യസിക്കണമെന്നും മറ്റ് ആശുപത്രികളിലും പൊലീസിന്റെ പൂർണ നിരീക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

എല്ലാ ആശുപത്രികളിലും ആവശ്യമായ ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ സ്ഥാപിക്കണമെന്നും സിസിടിവിയുടെ കൃത്യമായ നിരീക്ഷണം ഉറപ്പാക്കണമെന്നുമായിരുന്നു മറ്റൊരു ന‍ിർദേശം. ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം. ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിതമായി ജോലി നിർവഹിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. എല്ലാ ആശുപത്രകളിലും ഓരോ 6 മാസത്തിലും ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യ, പൊലീസ് വകുപ്പുകൾ സെക്യൂരിറ്റി ഓഡിറ്റ് നടത്തണം. സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ടു ഡോക്ടർമാരെ നിയമിക്കാൻ കഴിയുമോയെന്നു പരിശോധിക്കണമെന്നും നി‍ർദേശമുണ്ട്.  

പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന നി‍ർദ്ദേശം ​ഗൗരവകരമായി പരി​ഗണിച്ചു. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, പ്രിൻസിപ്പൽ സെക്രട്ടറിമാരായ എ.പി.എം. മുഹമ്മദ് ഹനീഷ്, ടിങ്കു ബിസ്വാൾ, എ.ഡി.ജി.പിമാരായ എം.ആർ. അജിത് കുമാർ, ടി.കെ. വിനോദ് കുമാർ, നിയമ വകുപ്പ് സെക്രട്ടറി ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News