തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നാടകീയ രംഗങ്ങൾ. ജയിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഏതാണ്ട് ഒരു മണിക്കൂറോളം നേരം പോലീസിനെ മുൾമുനയിൽ നിർത്തിയ പ്രതി ഒടുവിൽ മരത്തിന്റെ കൊമ്പൊടിഞ്ഞ് താഴെ പൊലീസ് വിരിച്ച വലയിൽ തന്നെ കൃത്യമായി വീണു. പിന്നാലെ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന കോട്ടയം സ്വദേശി സുഭാഷാണ് ജയിൽ വളപ്പിലെ ചുറ്റുമതിൽ ചാടി തൊട്ടടുത്തുള്ള വളപ്പിലെ മരത്തിനു മുകളിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചത്. ജയിൽ ഓഫീസിൽ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഇയാൾ ഓടിയത്. തുടർന്ന് മതിൽ ചാടി തൊട്ടടുത്തുള്ള സാമൂഹിക സുരക്ഷാ മിഷന്റെ ഷെൽട്ടർഹോം വളപ്പിലെ മരത്തിൽ കയറുകയായിരുന്നു.
ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് ഇയാളെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുടുംബത്തെ കാണണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. അപകടം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്സ് മരത്തിനു ചുറ്റും വലവിരിച്ചു. നെട്ടുകാൽത്തേരി ജയിലിലായിരുന്ന ഇയാളെ കുറച്ചു നാൾ മുൻപാണ് സെൻട്രൽ ജയിലിലെത്തിച്ചത്.
ജയില്‍ മോചിതനാകണമെന്നതാണ് പ്രധാന ആവശ്യമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജഡ്ജിയെ നേരിൽ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെറിയ മരമാണെങ്കിലും ഉയരമുള്ളതിനാൽ ഉദ്യോഗസ്ഥർ ഏറെ നേരം അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കാൻ ശ്രമിച്ചത്. ഇയാൾക്ക് പിന്നാലെ രണ്ട് ഉദ്യോഗസ്ഥരും മരത്തിന് മുകളിൽ കയറിയിരുന്നു. അതിനിടെ മരത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഇയാൾ. പിന്നീട് കൊമ്പൊടിഞ്ഞ് താഴെ വീഴുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...