തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 28 ഓടെ ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് സമീപത്തായി ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിച്ച് ചുഴിക്കാറ്റായി രൂപാന്തരം പ്രാപിക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും സജീവമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
വടക്ക് പടിഞ്ഞാറൻ ഇന്ത്യക്ക് മുകളിൽ അതി-മർദമേഖല സാവധാനം രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്. ഇതിനാൽ സെപ്റ്റംബർ 25ഓടെ പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷ-പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കൻ തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ തുടരാനും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്കൻ കേരളത്തിൽ മഞ്ഞ അലർട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും അറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...