പതിറ്റാണ്ടുകളായി സംഘർഷത്തിന്റെയും പ്രതിസന്ധിയുടെയും സമയങ്ങളിൽ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനായി കേന്ദ്ര സർക്കാരിന്റെ പ്രധാന പങ്കാളിയാണ് എയർ ഇന്ത്യ. യുദ്ധമായാലും മഹാമാരി ആയാലും ശരി, അന്യ നാട്ടിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്.
ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ച സിവിൽ എയർലൈൻ ആണ് എയർ ഇന്ത്യ. ഏറ്റവും കൂടുതൽ ആളുകളെ വിദേശ രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിച്ചു എന്ന പ്രത്യേകതയും ഈ കാരിയറിനുണ്ട്. 1990ൽ ഇറാഖ് കുവൈത്തിൽ നടത്തിയ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ നിന്ന് ഒരു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.
1994 മുതൽ എയർ ഇന്ത്യ നടത്തിയ ചില പ്രധാന ഒഴിപ്പിക്കൽ നടപടി..
മെയ് 1994: സംഘർഷഭരിതമായ യെമനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ മുംബൈയിൽ നിന്ന് മസ്‌കറ്റ് വഴി യെമന്റെ തലസ്ഥാനമായ സനയിലേക്ക് പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തി.
സെപ്റ്റംബർ 1996: യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിന്ന് പെർമിറ്റ് ഇല്ലാത്ത ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ എയർലൈൻ ‘ഓപ്പറേഷൻ ആംനസ്റ്റി എയർലിഫ്റ്റ്’ ആരംഭിച്ചു.
ഒക്ടോബർ 1997: പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദി അറേബ്യ വിടാൻ നിർബന്ധിതരായ ഒറ്റപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിച്ചു.
ജൂലൈ 2006: സൈപ്രസിലെ ലാർനാക്ക വഴി ലെബനനിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു.
മാർച്ച് 2011: ഈജിപ്തിലെ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് കെയ്‌റോയിൽ കുടുങ്ങിപ്പോയ 11,345 ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തി.
ഓഗസ്റ്റ് 2014: ലിബിയയിൽ നിന്നും മാൾട്ടയിൽ നിന്നും കുടുങ്ങിയ 1,200-ലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ടുണീഷ്യയിലെ ഡിജെർബയിലേക്ക് വിമാനങ്ങൾ സർവീസ് നടത്തി.
ഏപ്രിൽ 2015: യെമന്റെ തലസ്ഥാനമായ സനയിൽ കുടുങ്ങിയ ഇന്ത്യക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിക്കാൻ വിമാനങ്ങൾ സർവീസ് നടത്തി.
ജനുവരി, ഫെബ്രുവരി 2020: കൊവിഡിന്റെ പശ്ചാത്തലത്തിൽ, ചൈനയിലെ വുഹാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർലൈൻ വിമാനങ്ങൾ സർവീസ് നടത്തി.
മെയ് 2020: മെയ് 7 മുതൽ വന്ദേ ഭാരത് മിഷന്റെ കീഴിൽ എയർലൈൻ വിമാനങ്ങൾ സർവീസ് നടത്തി.
ഫെബ്രുവരി 2021: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ റൊമാനിയ, ഹംഗറി വഴി കൊണ്ടുവരാൻ എയർ ഇന്ത്യ നാല് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...