ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് ജയം. ചെന്നൈയിലെ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റും നാല് പന്തും ബാക്കിയാക്കി ഇന്ത്യ മറികടന്നു. തിലക് വര്‍മയുടെ (55 പന്തില്‍ പുറത്താവാതെ 72) ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് തകര്‍ത്തത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി.
തിലക് വർമ 55 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 72 റൺസുമായി പുറത്താകാതെ നിന്നു. ജെയ്മി ഓവർട്ടൻ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്‌ക്ക് രണ്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു റൺസ്. ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ ബൗണ്ടറിയും കണ്ടെത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും.