യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ നഗരത്തിലെ ഇന്ത്യൻ എംബസി അടച്ചു. കീവിലെ മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതിന് പിന്നാലെയാണ് എംബസി താൽക്കാലികമായി അടച്ചത്. കീവിൽ സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിലാണ് നടപടി. അംബാസഡറും ജീവനക്കാരും രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് തിരിച്ചു.
ബുധനാഴ്ച വൻതോതിലുള്ള റഷ്യൻ ബോംബാക്രമണം പ്രതീക്ഷിക്കുന്ന കീവ് വിട്ട് എല്ലാ ഇന്ത്യക്കാരും പോയതായി ഇന്ത്യൻ സർക്കാർ അറിയിച്ചിരുന്നു. ഇന്ത്യൻ എംബസി പടിഞ്ഞാറൻ യുക്രൈനിലെ ലിവിവിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. മൂന്ന് ദിവസത്തിനുള്ളിൽ 26 വിമാനങ്ങൾ അതിർത്തി രാജ്യങ്ങളിലേക്ക് അയക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വ്യോമസേനയുടെ സി-17 വിമാനവും രക്ഷാദൗത്യത്തിനുണ്ട്. ഫ്രഞ്ച് പ്രസിഡൻറുമായും പോളണ്ട് പ്രസിഡൻറുമായും പ്രധാനമന്ത്രി സംസാരിച്ചു. റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ്, പോളണ്ടിfലെയും സ്ലോവാകിലെയും വിമാനത്താവളങ്ങളും രക്ഷാദൗത്യത്തിനായി പ്രയോജനപ്പെടുത്തും. ഖാർകീവിലും സുമിയിലുമായി 4000 പേരുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം യുക്രൈനിൽ റഷ്യയുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കാർകിവിലെ ഷെല്ലാക്രമണത്തിലാണ് ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടത്. കർണാടക സ്വദേശിയും നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ നവീൻ എസ് ജിയാണ് കൊല്ലപ്പെട്ടത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.