നീറ്റ് : സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ;കേന്ദ്രം സുപ്രീംകോടതിയില്‍ പോകും

രാജ്യത്തൊന്നാകെയുള്ള മെഡിക്കല്‍-ഡെന്റല്‍  കോളേജുകളിലേക്കുള്ള അഡ്മിഷന്‍ നേടാന്‍  ഏകീകൃത  പൊതു പ്രവേശന പരീക്ഷ നടത്തണം എന്ന സുപ്രീം കോടതി വിധി അടുത്ത വര്‍ഷം മുതല്‍ മാത്രം  നടപ്പിലാക്കാനായി   കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയേക്കും.  

Last Updated : May 17, 2016, 03:33 PM IST
നീറ്റ് : സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ;കേന്ദ്രം സുപ്രീംകോടതിയില്‍ പോകും

ന്യൂഡല്‍ഹി : രാജ്യത്തൊന്നാകെയുള്ള മെഡിക്കല്‍-ഡെന്റല്‍  കോളേജുകളിലേക്കുള്ള അഡ്മിഷന്‍ നേടാന്‍  ഏകീകൃത  പൊതു പ്രവേശന പരീക്ഷ നടത്തണം എന്ന സുപ്രീം കോടതി വിധി അടുത്ത വര്‍ഷം മുതല്‍ മാത്രം  നടപ്പിലാക്കാനായി   കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയേക്കും.  

ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികളുമായി കൂടിയാലോചന നടത്തിയിരുന്നു.വിഷയത്തിന്‍റെ എല്ലാ വിഷയങ്ങളും പരിഗണിച്ച ശേഷം മാത്രമേ നീറ്റ് നടപ്പിലാക്കൂ എന്ന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ ഉറപ്പ് നല്‍കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജൈറ്റ്ലി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയെന്ന നിലപാടില്‍ എത്തിയത് .ഈ വര്‍ഷം "നീറ്റ്" നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്ന് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് നിയമോപദേശം തേടിയ ശേഷം  കേന്ദ്രം സുപ്രീംകോടതിയില്‍ പോകുമെന്ന് ജെ പി നദ്ദ യോഗത്തിന് ശേഷം പറഞ്ഞു.  

ഈ വര്‍ഷം മെഡിക്കല്‍ ഡെന്റല്‍ കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും നാഷണല്‍ എലിജിബിലിറ്റി എന്ട്രന്‍സ് ടെസ്റ്റ്‌ (നീറ്റ് ) എഴുതണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം 11 നാണ് ഉത്തരവിട്ടത്.സുപ്രീം കോടതി ഉത്തരവില്‍ പല സംസ്ഥാനങ്ങള്‍ക്കും വിയോജിപ്പുണ്ടായിരുന്നു. ഇക്കുറി പല സംസ്ഥാനങ്ങളും തങ്ങളുടെ മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്തി കഴിഞ്ഞ ഘട്ടത്തില്‍ ഈ വര്‍ഷം തങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷ പ്രകാരം അഡ്മിഷന്‍ നടത്താന്‍ അനുവദിക്കണമെന്ന്‍ കാണിച്ച് വിവിധ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു . കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതി വിവിധ സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജി തള്ളുകയും നീറ്റ് എഴുതിയ വിദ്യാര്‍ഥികള്‍ മാത്രമേ എം .ബി .ബി .എസ് -ബി .ഡി .എസ് അഡ്മിഷന്‍ നേടാന്‍ അര്‍ഹരാവൂ എന്നും വ്യക്തമാക്കിയിരുന്നു .

സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും എം.പി മാരും നീറ്റിനെതിരെ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. പ്രാദേശിക ഭാഷകളില്‍ പ്ലസ് ടു തലം വരെ പഠിച്ചവര്‍ക്കും ഗ്രാമീണ മേഖലകളില്‍ നിന്ന്‍ വരുന്നവര്‍ക്കും  ഏകീകൃത രൂപത്തിലുള്ള പരീക്ഷ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുമെന്നുമുള്ള ആശങ്കകള്‍ ഇനിയും ദൂരീകരിക്കപ്പെടാനിരിക്കുന്നു.ഈ അക്കാദമിക വര്‍ഷത്തില്‍  നീറ്റ് പരീക്ഷ നടത്താതിരിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്ന് നിരവധി എം .പി മാര്‍ കേന്ദ്ര ഗവര്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. 

Trending News