Wild Elephant: ഇടഞ്ഞ കാട്ടാനയെ ഓടിക്കാൻ പുറകെ യുവാക്കൾ, ആയുധം ചെരുപ്പ്; ബുദ്ധിമോശമെന്ന് സോഷ്യൽ മീഡിയ

Wild elephant Assam: ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത കാട്ടാനയെ കുറേ ചെറുപ്പക്കാർ ചേർന്ന് ചെരുപ്പ് വീശി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. പർവീൺ കസ്വാൻ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 11, 2023, 09:46 AM IST
  • തേയിലത്തോട്ടത്തിലൂടെ ഒരു പിടിയാന ഓടിവരുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്
  • ഉയർന്ന പ്രദേശത്ത് നിൽക്കുന്ന ആനയെ കുഴിയിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്
Wild Elephant: ഇടഞ്ഞ കാട്ടാനയെ ഓടിക്കാൻ പുറകെ യുവാക്കൾ, ആയുധം ചെരുപ്പ്; ബുദ്ധിമോശമെന്ന് സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ പലവിധത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. മൃ​ഗങ്ങളും മനുഷ്യരും തമ്മിലുള്ള ദൃശ്യങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ കാഴ്ചക്കാരാണുള്ളത്. ഇവയിൽ പലതും വളരെ സന്തോഷം നൽകുന്നതാണെങ്കിലും ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളും കാണാൻ സാധിക്കും. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുകയും ആളുകളെ രോഷാകുലരാക്കുകയും ചെയ്തു.

ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത കാട്ടാനയെ കുറേ ചെറുപ്പക്കാർ ചേർന്ന് ചെരുപ്പ് വീശി പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. പർവീൺ കസ്വാൻ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 'യഥാർത്ഥ മൃഗത്തെ തിരിച്ചറിയണം. ആ സമയം ഈ ഭീമന്മാർ പ്രകോപിതരായിരിക്കും. പിന്നീട് നമ്മൾ അവരെ കൊലയാളികൾ എന്ന് വിളിക്കുന്നു. ഇത്തരത്തിൽ ഒരിക്കലും ചെയ്യരുത്, ജീവന് ഭീഷണിയാണ്. അസമിൽ നിന്നുള്ള വീഡിയോ.' വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചു. ഇതിനകം തന്നെ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

തേയിലത്തോട്ടത്തിലൂടെ ഒരു പിടിയാന ഓടിവരുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ആന പെട്ടെന്ന് നിൽക്കുന്നത് കാണാം.  താഴെ ഒരു കുഴിയാണ്. ഉയർന്ന പ്രദേശത്ത് നിൽക്കുന്ന ആനയെ കുഴിയിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. കുഴിയുടെ അടുത്തെത്തിയ ആന പതുക്കെ പിന്തിരിഞ്ഞ് പോകാൻ ശ്രമിക്കുന്നു. ഈ സമയം താഴെ നിന്ന് ആളുകൾ മണ്ണിലൂടെ മുകളിലേക്ക് വലിഞ്ഞ് കയറി, തങ്ങളുടെ കാലിലെ ചെരുപ്പ് ഊരി തേയില ചെടികളിൽ തല്ലി ഒച്ചയുണ്ടാക്കി ആനയെ ഓടിക്കാൻ ശ്രമിക്കുന്നു.

പിന്തിരിഞ്ഞ് പോയ ആന ഈ നിമിഷം പെട്ടെന്ന് തിരിഞ്ഞ് വീണ്ടും ആക്രമിക്കാൻ വരുന്നു. തുടർന്ന് കുറച്ച് നേരം കുഴിയുടെ അറ്റത്ത് വന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം. അൽപ നേരത്തിന് ശേഷം ആന വീണ്ടും തിരിച്ച് പോകാൻ ശ്രമിക്കുമ്പോൾ ആളുകൾ വീണ്ടും  അതിന് പുറകെ പോയി ശല്യം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇവരുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തി. പിന്തിരിഞ്ഞ ആനയെ വീണ്ടും പുറകെ പോയി ശല്യം ചെയ്യാൻ ശ്രമിക്കുന്നതിനെ ഭൂരിഭാ​ഗം ആളുകളും എതിർത്തു. പലരും യുവാക്കാൾ സ്വന്തം ജീവൻ അപകടത്തിലാക്കുകയാണെന്നും ബുദ്ധിശൂന്യമായി പ്രവർത്തിക്കുകയാണെന്നും പറഞ്ഞു. ആനയെ ശല്യം ചെയ്തതിന് യുവാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. ചിലർ ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ വനം വകുപ്പിനെ കുറ്റപ്പെടുത്തി. മറ്റ് ചിലർ വിള നശിപ്പിക്കാനെത്തുന്ന ആനകളെ ഓടിച്ച് വിടുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News