ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ ഇനി പ്രശ്നപരിഹാരം സാധ്യമാകൂ, എസ് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പ്രതികരണം.
"മെയ് മാസം മുതല്‍ അതിര്‍ത്തിയിലെ സാഹചര്യം അതിസങ്കീര്‍ണ്ണമാണ്. ഗുരുതരമായ സാഹചര്യമാണ് തുടരുന്നത്. ഇത് ഒഴിവാക്കാന്‍ രാഷ്ട്രീയ തലത്തില്‍ ഇരു കൂട്ടരും തമ്മില്‍ ആഴത്തിലുള്ള ചര്‍ച്ച ആവശ്യമാണ്", എസ് ജയശങ്കര്‍ (S Jaishankar) പറഞ്ഞു.
അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ആയിട്ടില്ലെങ്കില്‍ നിലവിലുള്ള ബന്ധങ്ങള്‍ അതേപോലെ തുടരുന്നതില്‍ അര്‍ത്ഥമില്ല. കാരണം സമാധാനവും ശാന്തിയുമാണ് ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സെപ്റ്റംബര്‍ 10ന് ഷാങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷന്റെ വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയുടെ ഭാഗമായി എസ്. ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അന്നേ ദിവസം പറയേണ്ട കാര്യങ്ങളെല്ലാം കൃത്യമായി അവരോട് പറയുമെന്നും, അത് മാധ്യമങ്ങളുമായി പങ്കു വയ്ക്കാനാകില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.
അതേസമയം, : കിഴക്കന്‍ ലഡാക്കിലെ പാംഗോ൦ഗ് തടാകത്തിന് സമീപം വീണ്ടും സംഘര്‍ഷമുണ്ടായതിനെ ത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നാല് പതിറ്റാണ്ടിനിടയില്‍ ആദ്യമായി വെടിവയ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയിലെ സ്ഥിതി അതിസങ്കീര്ണമാകുകയാണ് എന്നാണ് വിലയിരുത്തല്‍.
മുന്‍പ് ഗാല്‍വന്‍ താഴ്വരയില് ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല.
കഴിഞ്ഞ ജൂണ്‍ 15നാണ് 20 സൈനികരുടെ വീരമൃത്യുവിന് കാരണമായ ഏറ്റുമുട്ടല്‍ ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഗല്‍വാന്‍ താഴ്വരയില് നടന്നത്.
അതേസമയം, കിഴക്കൻ ലഡാക്കിൽ പ്രകോപനമുണ്ടാക്കിയത് ചൈനീസ് സൈന്യമാണെന്ന് ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.
മേഖലയിൽ സംഘർഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. യഥാർത്ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ സൈന്യം പോയിട്ടില്ല, ഇന്ത്യ പ്രകോപനത്തിന് ശ്രമിച്ചു എന്ന ചൈനീസ് വാദം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യൻ സൈനിക വക്താവ് വ്യക്തമാക്കി.
ഇന്ത്യയുടെ മുൻനിര പോസ്റ്റുകളുടെ നേർക്കെത്തിയ ചൈനീസ് സൈന്യമാണ് ആകാശത്തേക്ക് നിറയൊഴിച്ചത്. പ്രകോപനമുണ്ടാക്കിയെങ്കിലും ഇന്ത്യൻ സൈനികർ സമചിത്തതയോടെ പ്രശ്നത്തെ നേരിട്ടെന്നും പ്രസ്താവനയിൽ പറയുന്നു.
Also read: അതിർത്തിയിൽ വെടിവെപ്പ്: സ്ഥിരീകരണവുമായി ചൈന, പ്രതികരിക്കാതെ ഇന്ത്യ
പ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അതിനൊപ്പം തന്നെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. ചൈനീസ് സൈന്യത്തിന്റെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൈനിക വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കി.