ഭോപ്പാല്‍: നഗരങ്ങളിലേക്കുള്ള പഴം, പച്ചക്കറി, പാൽ വിതരണം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരം നാലാം ദിവസം പിന്നിട്ടതോടെ വിപണിയിൽ പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന.
ആദ്യ രണ്ടു ദിവസങ്ങളിലും ലഭ്യതക്കുറവ് വിപണികളിലുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ അതു പ്രകടമായി. ഉൽപന്നങ്ങളുടെ വരവു നിലച്ചതോടെ ചില്ലറ കച്ചവടക്കാർ വില ഇരട്ടിയാക്കി. പാവയ്ക്ക, വെണ്ടയ്ക്ക, കോളിഫ്ലവർ എന്നിവയുടെ വിലയിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്.
കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ ഏക്ത മഞ്ചിന്‍റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്‍റെയും നേതൃത്വത്തിൽ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, കർണാടക, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് സമരരംഗത്തുള്ളത്. കുറഞ്ഞ വേതന പദ്ധതി നടപ്പാക്കുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം ഒന്നുമുതൽ 10 വരെയാണു സമരം.
പഴവും പച്ചക്കറിയും റോഡിൽ തള്ളിയാണ് കർഷകരുടെ പ്രതിഷേധം. സഹകരണ സംഘങ്ങൾ ക്ഷീരകർഷകരിൽ നിന്നു പാൽ സ്വീകരിക്കാതെയും പാൽ റോഡിൽ ഒഴുക്കിയും പ്രതിഷേധത്തിന്‍റെ ഭാഗമായി.
നിലനിൽപിനായി പൊരുതുന്ന കർഷകർക്കെതിരെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗ് നടത്തിയ പ്രസ്താവന പ്രതിഷേധത്തിനു ശക്തി കൂട്ടിയിട്ടുണ്ട്. ദേശീയപാതകൾ ഉപരോധിച്ചുള്ള സമരം പലയിടത്തും പൊലീസുമായി സംഘർഷത്തിനിടയാക്കി.