ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം ഫെബ്രുവരി 11 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ നീട്ടിയത്. എന്നാൽ, പൊതുയോഗങ്ങൾ, ഇൻഡോർ മീറ്റിംഗുകൾ, വീടുതോറുമുള്ള പ്രചാരണം എന്നിവയിൽ പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇലക്ഷൻ കമ്മീഷൻ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
വീടുകൾ കയറിയുള്ള പ്രചരണത്തിന് 20 പേരെ അനുവദിക്കും. തുറന്ന സ്ഥലങ്ങളിൽ പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം. ഇൻഡോർ യോഗങ്ങളിൽ 500 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിനിടെ, ജനുവരി 15 വരെ റാലികൾ, റോഡ് ഷോകൾ, സമാനമായ പ്രചാരണ പരിപാടികൾ എന്നിവ നിരോധിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ജനുവരി 15 ന് കമ്മീഷൻ ഏർപ്പെടുത്തിയ നിരോധനം ജനുവരി 22 വരെയും പിന്നീട് ജനുവരി 31 വരെയും നീട്ടി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 നും മാർച്ച് ഏഴിനും ഇടയിൽ നടക്കുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ഗോവ, മണിപ്പൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...