ഛത്തീസ്ഗഢ്: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ വനമേഖലയിൽ മാവോയിസ്റ്റിനെ ദുരൂഹ സാഹചര്യത്തിൽ തോക്കുമായി മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്ക് എട്ടുലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ദേവ എന്ന തിർരി മദ്‌കാമിയെന്ന മാവോയിസ്റ്റനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുവാക്കൊണ്ട പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഭുസരസ് താഴ്‌വരയ്‌ക്ക് സമീപമുള്ള ജിയാകോർട്ട വനത്തിൽ ദേവ എന്ന തിർരി മദ്‌കാമിയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ് പി പറഞ്ഞു.
മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളിൽ തിരെ മദ്‌കാമിക്കായി തിരച്ചിൽ നടത്തുകയായിരുന്നുവെന്നും ഇയാളുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ വിലിയിട്ടിരുന്നുവെന്നും സുന്ദർരാജ് വ്യക്തമാക്കി. മൃതദേഹത്തിന് സമീപത്ത് നിന്ന് ആയുധവും ബാഗും വെള്ളക്കുപ്പിയും കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കടേകല്യൺ മാവോയിസ്റ്റ് ഏരിയാ കമ്മിറ്റി അംഗമായിരുന്നു തിരി മദ്‌കാമി. നിരവധി വലിയ ആക്രമണങ്ങളിൽ തിരി മദ്കാമി പങ്കെടുത്തിരുന്നു.
മാസങ്ങളായി മാവോയിസ്റ്റ് സംഘടനയിൽ ചേരിപ്പോരും റിക്രൂട്ട്‌മെന്റ് പ്രതിസന്ധികളും നേരിടുന്നുണ്ടെന്ന് ഐജി പറഞ്ഞു. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെ ദന്തേവാഡ-സുക്മ ജില്ലയുടെ അതിർത്തിയിലുള്ള ജിയാകോർട്ട വനത്തിൽ അജ്ഞാതനായ ഒരാളുടെ മൃതദേഹം കിടക്കുന്നതായി രാവിലെ പോലീസിന് വിവരം ലഭിച്ചിരുന്നു.
സിആർപിഎഫിന്റെ 230-ാം ബറ്റാലിയനും പോലീസും ഉൾപ്പെടുന്ന സംയുക്ത സംഘം സ്ഥലത്തെത്തി മരിച്ചത് തിർരി മദ്‌കാമിയാണെന്ന് തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. നക്‌സലൈറ്റ് ഗ്രൂപ്പിനുള്ളിലെ ചേരിപ്പോരോ തിരി മദ്‌കാമിയുടെ ജനവിരുദ്ധ പ്രവർത്തനമോ ആകാം മരണത്തിൽ കലാശിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ പോലീസ് സംശയിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...