Bharat Series വരുന്നു; സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ ഇനി റീ രജിസ്‌ട്രേഷന്‍ വേണ്ട

ഭാരത് സീരീസ് എന്നാണ് ഈ ഒറ്റ രജിസ്ട്രേഷൻ സംവിധാനത്തിൻ്റെ പേര്. രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാക്കാം. 

Written by - Zee Malayalam News Desk | Last Updated : Aug 28, 2021, 03:18 PM IST
  • സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ ‘ഭാരത് സീരീസ്’.
  • ബിഎച്ച് രജിസ്‌ട്രേഷനുള്ള വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ റീ രജിസ്‌ട്രേഷന്റെ ആവശ്യമില്ല.
  • മറ്റ് സംസ്ഥാനങ്ങളിൽ വാഹനം ഉപയോ​ഗിക്കുമ്പോളുണ്ടാകുന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.
  • ബിഎച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും.
Bharat Series വരുന്നു; സംസ്ഥാനം മാറിയാല്‍ വാഹനങ്ങള്‍ക്ക്‌ ഇനി റീ രജിസ്‌ട്രേഷന്‍ വേണ്ട

ന്യൂഡല്‍ഹി: വാഹന രജിസ്ട്രേഷനിൽ (Vehicle registartion) വമ്പൻ പരിഷ്കാരവുമായി കേന്ദ്ര സർക്കാർ. സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ ‘ഭാരത് സീരീസ്’ (Bharat series) എന്ന പേരിൽ രാജ്യമാകെ ഏകീകൃത സംവിധാനവുമായാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം (Ministry of Road Transport) രം​ഗത്തുവന്നിരിക്കുന്നത്. ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ റീ രജിസ്‌ട്രേഷന്‍ (Re-registration) നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം.

രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ കഴിയില്ലെന്ന പ്രതിസന്ധി വാഹനമുടമകൾക്ക് ഈ പരിഷ്കാരത്തോടെ ഒഴിവാക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു വാഹനം വാങ്ങിയാൽ ആ വാഹനം വാങ്ങിയ സംസ്ഥാനത്തിന് പുറത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഒരുപാടുണ്ട്. ഏതു സംസ്ഥാനത്താണോ വാഹനം ആദ്യം റജിസ്റ്റർ ചെയ്തത് അവിടെനിന്നുള്ള എൻഒസി സർട്ടിഫിക്കറ്റും ആവശ്യമാണ്. ആദ്യം വാഹനം റജിസ്റ്റർ ചെയ്ത സംസ്ഥാനത്ത് നിന്ന് നികുതി റീഫണ്ട് ചെയ്യുകയും മറ്റ് സ്ഥലത്തു തിരിച്ചടയ്ക്കുകയും ചെയ്യണം. ഈ പ്രക്രിയകള്‍ ഏറെ ബുദ്ധിമുട്ടാണ് ആളുകള്‍ക്ക് സൃഷ്ടിച്ചിരുന്നത്.

Also Read: Driving licence New Rule: ടെസ്റ്റിന് പോവേണ്ട, അഗീകൃത ഡ്രൈവിങ്ങ് സ്കൂളിൽ വണ്ടി ഒാടിക്കാൻ പഠിച്ചാൽ മതി ലൈസൻസ് വീട്ടിലെത്തും

ഇതിനു പകരമായാണ് ‘ഭാരത് സീരീസ്’ എന്ന പേരിൽ പുതിയ വാഹന രജിസ്ട്രേഷൻ സംവിധാനം കൊണ്ടുവരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക-സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഭാരത് രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിന് മുൻഗണന ലഭിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ തലവേദന സൃഷ്ടിക്കുന്നതായിരുന്നു നിലവിലെ രജിസ്‌ട്രേഷന്‍ സംവിധാനം. 

ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ഇത്തരം റീ രജിസ്‌ട്രേഷന്‍ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നത്. ബിഎച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷം തോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക.

Also Read: Driving License ന് ഇനി ടെസ്റ്റ് നൽകേണ്ടതില്ല! ഒറ്റ ക്ലിക്കിലൂടെ DL ഉണ്ടാക്കാം, നിയമം മാറി

ഭാരത് സീരിസിൽ (Bharat Series) വാഹന രജിസ്ട്രേഷൻ നമ്പറിന് വ്യത്യാസമുണ്ടാക്കും. വാഹനം വാങ്ങിയ വ‍ര്‍ഷത്തിലെ അവസാന രണ്ടക്കങ്ങൾ, ബി, എച്ച് (B,H)എന്നീ അക്ഷരങ്ങൾ, നാല് അക്കങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ (Alphabets) രണ്ട് അക്ഷരങ്ങൾ എന്നിവയടങ്ങിയതാവും രജിസ്ട്രേഷൻ നമ്പ‍ര്‍. നിലവിൽ സംസ്ഥാനങ്ങളുടെ (States) ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്ട്രേഷൻ നടത്തുന്നത്. നിലവിലുള്ള വാഹനങ്ങൾക്ക് ഭാരത് രജിസ്ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച്  ഉപരിതലഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News