Toll Tax Plaza Update: രാജ്യത്ത് ആറ് മാസത്തിനകം ടോൾ ടാക്സ് പ്ലാസകൾക്ക് പകരം GPS അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
രാജ്യത്ത് നിലവിലുള്ള ഹൈവേ ടോൾ പ്ലാസകൾക്ക് പകരമായി അടുത്ത 6 മാസത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ സർക്കാർ അവതരിപ്പിക്കുമെന്ന് CII പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ ഗഡ്കരി പറഞ്ഞു. ഈ പുതിയ ജിപിഎസ്-സാങ്കേതികവിദ്യ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും ഒപ്പം ഹൈവേകളിൽ സഞ്ചരിക്കുന്ന കൃത്യമായ ദൂരത്തിന് വാഹനമോടിക്കുന്നവരില്‍നിന്ന് പണം ഈടാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി നിതിൻ ഗഡ്കരി പറഞ്ഞു.
Also Read: Parking Rules: അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്‍റെ ചിത്രം അയച്ചാൽ 500 രൂപ സമ്മാനം!! നിതിന്‍ ഗഡ്കരി
"രാജ്യത്തെ ടോൾ പ്ലാസകൾക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ സർക്കാർ പരിശോധിച്ച് വരികയാണ്. ആറ് മാസത്തിനുള്ളിൽ പുതിയ സാങ്കേതികവിദ്യ കൊണ്ടുവരും," നിതിൻ ഗഡ്കരി വ്യക്തമാക്കി. ഈ സംവിധാനത്തിലൂടെ വാഹനങ്ങൾക്ക് നിർത്താതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സാധ്യമാക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനത്തിന്‍റെ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ) പൈലറ്റ് പ്രോജക്ട് നടത്തുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഉടമസ്ഥതയിലുള്ള എൻഎച്ച്എഐ (NHAI) ടോൾ വരുമാനം നിലവിൽ 40,000 കോടിയാണെന്നും 2-3 വർഷത്തിനുള്ളിൽ ഇത് 1.40 ലക്ഷം കോടി രൂപയായി ഉയരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 2018-19 കാലയളവിൽ, ടോൾ പ്ലാസയിൽ വാഹനങ്ങൾക്കായുള്ള ശരാശരി കാത്തിരിപ്പ് സമയം 8 മിനിറ്റായിരുന്നു, എന്നിരുന്നാലും, 2020-21 ലും 2021-22 ലും ഫാസ്ടാഗുകൾ അവതരിപ്പിച്ചതോടെ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 47 സെക്കന്‍ഡ് ആയി കുറഞ്ഞു, അദ്ദേഹം പറഞ്ഞു.
അതേസമയം, ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് നഗരങ്ങൾക്ക് സമീപമുള്ള, ജനസാന്ദ്രതയുള്ള പട്ടണങ്ങളിൽ, തിരക്കുള്ള സമയങ്ങളിൽ ടോൾ പ്ലാസകളിൽ ചില കാലതാമസങ്ങൾ ഇപ്പോഴും ഉണ്ടാകാറുണ്ട്, ഇതിനും പരിഹാരം ഉടന്‍ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചിലവ് കുറച്ചുകൊണ്ടുള്ള നിര്‍മ്മാണ നടപടികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ സിസ്റ്റം
ജിപിഎസ് അധിഷ്‌ഠിത ടോള്‍ സംവിധാനം പല രാജ്യങ്ങളിലും ഇതിനകം ഉപയോഗത്തിലിരിക്കുന്ന ഒരു സാങ്കേതികവിദ്യയാണ്. ക്യാമറ ഉപയോഗിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് വായിക്കുന്ന ഈ സംവിധാനത്തിലൂടെ വാഹനത്തിന്‍റെ സ്ഥാനം കണ്ടെത്താനും അതിനനുസരിച്ച് ടോൾ ഈടാക്കാനും സാധിക്കുന്നു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ വാഹനം ഒരിടത്തും നിര്‍ത്തേണ്ട ആവശ്യം ഉണ്ടാകില്ല.
നിലവിലെ ഫാസ്ടാഗ് സിസ്റ്റത്തിൽ, കാറിന്‍റെ വിൻഡ്ഷീൽഡിൽ ഒരു കോഡ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അത് എല്ലാ ടോൾ പ്ലാസയിലും സ്ഥാപിച്ചിരിയ്ക്കുന്ന ഒരു സ്കാനർ വായിക്കുന്നു. സ്കാനർ കോഡ് വിജയകരമായി വായിച്ചുകഴിഞ്ഞാൽ, അത് ബൂം ബാരിയർ തുറന്ന് വാഹനത്തെ കടന്നുപോകാൻ അനുവദിക്കുന്നു. ഇതിന് കുറച്ച് സെക്കണ്ടുകള്‍ വേണ്ടി വരുന്ന ഒരു സംവിധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...