ഹൃദ്രോഗം, രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് പ്രമേഹം. പ്രമേഹത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സമ്മർദ്ദം. ഇത് ശരീരത്തിലെ ഗ്ലൂക്കോണിന്റെ സ്രവണം വർധിപ്പിക്കുന്നു. യോഗ, ശ്വസന വ്യായാമങ്ങൾ, ധ്യാനം എന്നിവയുടെ സ്ഥിരമായി ചെയ്യുന്നത് മനസിലെ പിരിമുറുക്കം കുറയ്ക്കാനും ശരീരത്തെ അതിന്റെ പ്രതികൂല ഫലങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഇൻസുലിൻ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോൺ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ശരീരത്തിനാവശ്യമായ ഇൻസുലിൻ പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കാതിരിക്കുകയോ, ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
യോഗയിലൂടെ പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ പാൻക്രിയാസുകളെ പ്രേരിപ്പിക്കുന്ന നിരവധി യോഗകളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന എളുപ്പത്തിൽ ചെയ്യാവുന്നതുമായ ചില യോഗകളെ കുറിച്ച് അറിയാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് യോഗാസനങ്ങൾ:
പവനമുക്താസനം
മലര്‍ന്നുകിടന്നു ചെയ്യുന്ന ഒരു യോഗാസനമാണ് പവനമുക്താസനം. മലർന്ന് കിടന്ന ശേഷം ആദ്യം കാലുകൾ അകത്തി കൈകൾ മലർത്തി കണ്ണടച്ച് ശവാസനത്തിൽ വിശ്രമിക്കുക. യോഗാസനങ്ങൾ ചെയ്യുന്നതിന് മുൻപും ശേഷവും ഇത് ചെയ്യാവുന്നതാണ്. തുടർന്ന് കാലുകൾ തമ്മിൽ ചേർത്ത് വെയ്ക്കുക. ഒപ്പം കൈകളും ശരീരത്തോട് ചേർത്ത് വയ്ക്കണം. ശ്വാസം നന്നായി ഉള്ളിലേക്ക് എടുത്ത് രണ്ട് കാലുകളും ഒരുമിച്ച് ഉയര്‍ത്തുക. തുടർന്ന് ശ്വാസം പുറത്തുവിട്ടുകൊണ്ട് കാൽമുട്ടുകൾ മടക്കി നെഞ്ചിലേക്ക് കൊണ്ടുവരിക. വീണ്ടും ശ്വാസം എടുത്ത് കൈകള്‍ കൊണ്ട് കാല്‍മുട്ടിന് തൊട്ടുതാഴെയായി കോര്‍ത്തുപിടിക്കുക. തുടകൾ വയറിലേക്ക് അടുപ്പിക്കുക. ശ്വാസം പുറത്തുവിട്ടുകൊണ്ട് തല ഉയര്‍ത്തി താടി അല്ലെങ്കില്‍ നെറ്റി കാല്‍മുട്ടില്‍ മുട്ടിക്കുക. സാധാരണ ശ്വാസത്തില്‍ പറ്റുന്ന അത്രയും നിലനിര്‍ത്താൻ ശ്രമിക്കുക.
ഇനി പതിയെ ശ്വാസം ഉള്ളിലേക്ക് എടുത്ത് തല താഴേക്ക് പഴയ പൊസിഷനിലേക്ക് കൊണ്ടുവരിക. ശ്വാസം പുറത്തുവിട്ടുകൊണ്ട് കൈകള്‍ താഴ്ത്തി തറയില്‍ വെക്കുക. ശ്വാസം എടുത്തുകൊണ്ട് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തിയ ശേഷം വീണ്ടും ശ്വാസം പുറത്തുവിട്ടുകൊണ്ട് കാലുകള്‍ താഴ്ത്തി പൂര്‍വ്വ സ്ഥിതിയിലേക്ക് വന്ന് ശവാസനത്തില്‍ വിശ്രമിക്കുക.
ബാലാസന
ബാലാസനം ചെയ്യാനുള്ള വഴി വളരെ എളുപ്പമാണ്. ഇത് ചെയ്യാൻ രണ്ട് കാൽമുട്ടുകളും മടക്കി തറയിൽ ഇരിക്കുക. ശരീരത്തിന്റെ മൊത്തത്തിലുള്ള ബലത്തിന് ഈ യോഗ വളരെ പ്രയോജനകരമാണ്. ശരീരം മുന്നിലേക്ക് വളയ്ക്കുന്നത് ബലം വർധിപ്പിക്കും. കാൽ മടക്കിയിരുന്നു ശരീരം മുന്നിലേക്ക് വളച്ച് 12 മുതൽ 15 സെക്കൻഡ് വരെ അങ്ങനെ തുടരുക. ഇത് ഇൻസുലിൻ രക്തചംക്രമണം വർധിപ്പിക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ദിവസവും അഞ്ച് മിനിറ്റ് എങ്കിലും ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും മികച്ച ഓപ്ഷനാണിത്.
സേതു ബന്ധ ആസനം (ബ്രിഡ്ജ് പോസ്)
കട്ടിയുള്ള പ്രതലത്തിൽ മുതുക് നിലത്ത് ചേർത്ത് മലർന്ന് കിടക്കുക. കാൽമുട്ടുകൾ വളച്ച് കാലുകൾ ഇടുപ്പിന്റെ വീതിയിൽ വയ്ക്കുക. കൈകൾ വാരിയെല്ലിന് അടുത്തായി വയ്ക്കണം. ശ്വാസം ഉള്ളിലേക്ക് എടുത്ത് കൊണ്ട് തോളുകളുടെ പിൻഭാഗവും കാലുകളും അമർത്തി ഇടുപ്പ് മുകളിലേക്ക് ഉയർത്തുക. നിങ്ങളുടെ കാൽമുട്ടുകളും കണങ്കാലുകളും ഒരു നേർരേഖയിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. തുട തറയ്ക്ക് സമാന്തരമായിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...