കിവി എന്ന ഫലം ഇന്ന് ഏവര്‍ക്കും സുപരിചിതമാണ്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ സാധാരണ ഫ്രൂട്ട്‌ഷോപ്പുകളില്‍ വരെ ഈ ഫലം ലഭ്യമാണ്. വിശേഷപ്പെട്ട ഒരു വിദേശ ഫ്രൂട്ട് എന്ന രീതിയില്‍ ആയിരുന്നു ഇന്ത്യന്‍ വിപണിയില്‍ കിവി ആദ്യം അവതരിപ്പിക്കപ്പെട്ടത്. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകള്‍ എന്നൊന്ന് പരിശോധിക്കാം.
ചൈനീസ് നെല്ലിക്ക എന്നൊരു വിളിപ്പേര് കൂടിയുണ്ട് കിവിപ്പഴത്തിന്. പോഷകങ്ങള്‍ നിറച്ച ഒരു കുഞ്ഞുപഴം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. യഥാര്‍ത്ഥത്തില്‍ ചൈനയാണ് കിവി പഴത്തിന്റെ ജന്മദേശം. എന്നാലിന്ന് ലോകത്ത് പല രാജ്യങ്ങളിലും ഇത് കൃഷി ചെയ്യുന്നുണ്ട്. ഇതിന്റെ രുചിയും ഗുണവും ഏറെ പ്രസിദ്ധവും ആണ്. അത് മാത്രമല്ല കാര്യം, വിറ്റാമിനുകളാലും മിനറലുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് ഈ ഫലം.
കിവി പഴത്തിന്റെ ഗുണങ്ങളും അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താണ് നേട്ടമെന്നും വിശദമായി പരിശോധിക്കാം.
രോഗപ്രതിരോധം മെച്ചപ്പെടുത്തും
വിറ്റാമിന്‍ സി സമ്പുഷ്ടമായ ഒരു പഴമാണ് കിവി. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് വിറ്റാമിന്‍ സിയ്ക്കുള്ളത്. ഒരു ദിവസം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ മുഴുവന്‍ വിറ്റാമിന്‍ സിയും ഒരൊറ്റ കിവി പഴം കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും എന്നതാണ് പ്രത്യേകത. ശ്വേത രക്താക്കണുക്കളുടെ എണ്ണം കൂട്ടുന്നതിലും വിറ്റാമിന്‍ സി നിര്‍ണായകമാണ്. രോഗങ്ങളേയും രോഗബാധകളേയും പ്രതിരോധിക്കുന്നതില്‍ ശ്വേത രക്താണുക്കള്‍ക്ക് വലിയ പങ്കുണ്ട്.
ദഹനം ശരിയാക്കും
ആരോഗ്യപരമായ ഒരു ദഹന വ്യവസ്ഥയ്ക്ക് ഫൈബര്‍ കൂടുതലുള്ള ഭക്ഷണം കഴിക്കേണ്ടതുണ്ട്. കിവി ആണെങ്കില്‍ ഫൈബറുകളുടെ ഒരു വലിയ സ്രോതസ്സാണ്. മലബന്ധം ഒഴിവാക്കാനും നാരുകളടങ്ങിയ ഭക്ഷണം സഹായിക്കും. അന്നനാളത്തിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താനും ഇത് സഹായിക്കും.
ഹൃദയത്തിന്റെ ആരോഗ്യം
വിറ്റാമിന്‍ സി പോലെ തന്നെ പൊട്ടാഷ്യത്തിന്റെയും വലിയൊരു സ്രോതസ്സാണ് കിവി പഴം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് പൊട്ടാഷ്യം. കിവിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
കണ്ണിന്റെ ആരോഗ്യം
ലൂട്ടീന്‍, സീക്‌സാന്തിന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് കിവി പഴം. നേതാരോഗ്യത്തില്‍ നിര്‍ണായകമായ രണ്ട് ആന്റി ഓക്‌സിഡന്റുകളാണ് ഇവ. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പേശീശോഷണം അടക്കമുളള മറ്റ് നേത്ര പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.
ഭാരം കുറയ്ക്കാന്‍
അമിതഭാരം കുറയ്ക്കുക എന്നത് പലരുടേയും സ്വപ്‌നമാണ്. അങ്ങനെയുള്ളവര്‍ക്ക് കിവി ശീലമാക്കാവുന്നതേയുള്ളു. കലോറി കുറഞ്ഞ ഒരു ഫലം ആണിത്. മാത്രമല്ല നാരുകള്‍ (ഫൈബര്‍) ആവശ്യത്തിലേറെ ഉണ്ടുതാനും. കിവി കഴിയ്ക്കുന്നതോടെ വയര്‍ നിറഞ്ഞ ഒരു ഫീല്‍ കിട്ടുകയും ഏറെ നേരത്തേയ്ക്ക് മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.
അറിയേണ്ട കാര്യങ്ങള്‍
ചോദ്യം: കിവി പഴത്തില്‍ എത്ര കലോറിയുണ്ട്?
ഉത്തരം: ഇടത്തരം വലിപ്പമുള്ള ഒരു കിവി പഴത്തില്‍ 61 കലോറി ഉണ്ടാകും.
ചോദ്യം: കിവി അലര്‍ജികള്‍ക്ക് കാരണമാകുമോ?
ഉത്തരം: കിവി പലര്‍ക്കും അലര്‍ജിയുണ്ടാക്കാറുണ്ട്. ചൊറിച്ചില്‍, തടിച്ചുപൊന്തല്‍, ശ്വാസതടസ്സം എന്നിവയാണ് പൊതുവായി കാണാറുള്ള ലക്ഷണങ്ങള്‍.
ചോദ്യം: കിവി തൊലിയോടെ കഴിക്കാമോ?
ഉത്തരം: ധൈര്യമായി കഴിക്കാം. കിവിയുടെ തൊലിയിലും വലിയ അളവില്‍ ഫൈബറും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
ഒരർത്ഥത്തിൽ ഒരു സമ്പൂർണ ഫലം എന്നൊക്കെ വേണമെങ്കിൽ കിവിയെ വിശേഷിപ്പിക്കാവുന്നത്. ഒരേസമയം ഹൃദയത്തിനും വയറിനും കണ്ണിനും രോഗപ്രതിരോധത്തിനും ഗുണകരമായ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഈ പഴം എല്ലാ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...