ഇന്ന് ഏപ്രിൽ 2, ലോക ഓട്ടിസം ബോധവൽക്കരണ ദിനം. 2007 മുതലാണ് ഈ ദിനം ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കാൻ തുടങ്ങിയത്. 2012 മുതൽ ഇത് ഒരു പ്രത്യേക തീം ഉപയോഗിച്ച് ആചരിക്കുന്നു. ഓട്ടിസം എന്നത് രോഗമല്ല, അത് തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. സാധാരണ കുട്ടികളെ പോലെ മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുക എന്നത് ഇവർക്ക് പലപ്പോഴും സാധിക്കാതെ പോകുന്നതാണ്. ഈ ഒരു അവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ് അതിന് വേണ്ട ഇടപെടലുകൾ നടത്തിയാൽ ചികിത്സയുടെ ഫലപ്രാപ്തി വളരെ മികച്ചതായിരിക്കും.
സമപ്രായക്കാരായ കുട്ടികൾ കളിക്കുമ്പോൾ അതിനൊന്നും സാധിക്കാതെ അവരുടേതായ ഒരു ലോകത്ത് ജീവിക്കുന്നവരാണ് ഓട്ടിസം ബാധിച്ച കുട്ടികൾ. സ്വന്തമായി ഇരുന്ന് കളിക്കുകയും വ്യത്യസ്തങ്ങളായ ശബ്ദങ്ങളുണ്ടാക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഒരു തരത്തിലുള്ള വൈകാരിക സ്വഭാവ മാറ്റങ്ങളോടും പ്രതികരിക്കാത്ത കുഞ്ഞുങ്ങളുണ്ട്.
എന്താണ് ഓട്ടിസം?
ഓട്ടിസം എന്നത് ഒരു രോഗമല്ല. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. 1943ൽ ലിയോ കാനർ എന്ന മനോരോഗ വിദഗ്ധനാണ് കുട്ടികളിൽ അപൂർവമായി കാണുന്ന ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യം വിശദീകരിച്ചത്. ഇൻഫന്റൈൽ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിന് പേരിട്ടത്. 1980ലാണ് ഇതിനെ വ്യക്തമായ ഒരു മാനസികരോഗമായി അംഗീകരിച്ചത്.
12 വയസിന് താഴെയുള്ള പതിനായിരം കുട്ടികളിൽ ഏകദേശം 2 മുതൽ 5 ശതമാനം പേർക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. മൂന്ന് വയസിന് മുമ്പേ കുട്ടികൾ അസുഖ ലക്ഷണം കാണിച്ചു തുടങ്ങും.
ആൺകുട്ടികളിൽ രോഗം കൂടുതൽ
ആൺകുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്. പെൺകുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആൺകുട്ടികളിൽ രോഗസാധ്യത. എന്നാൽ പെൺകുട്ടികൾക്ക് അസുഖം പിടിപെട്ടാൽ അത് കൂടുതൽ ഗുരുതരമായി കാണപ്പെടുന്നു.
ലക്ഷണങ്ങൾ
ശൈശവ ഓട്ടിസം ഉള്ള കുട്ടികൾ ചെറുപ്പത്തിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. മറ്റുള്ളവരാകട്ടെ 15-18 മാസം വരെ കുഴപ്പമില്ലാതിരിക്കുകയും അതിന് ശേഷം അവരുടെ കഴിവുകൾ കുറഞ്ഞുവരുകയും ചെയ്യുന്നു.
ഓട്ടിസ്റ്റിക് കുട്ടികളിൽ വേണ്ടപ്പെട്ടവരോട് അടുപ്പവും പരിചയത്തോടെയുള്ള ചിരിയും, എടുക്കാൻ വേണ്ടി കൈനീട്ടുന്ന സ്വഭാവവും കാണപ്പെടാറില്ല.
ചിലരാകട്ടെ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ ബധിരരെപ്പോലെ ശ്രദ്ധിക്കാതിരിക്കുന്നു.
സാധാരണ കുട്ടികളെ പോലെ മാതാപിതാക്കളെ പിരിഞ്ഞാൽ പേടിയോ ഉത്കണ്ഠയോ ഈ കുട്ടികൾ കാണിക്കുകയില്ല .
ഓട്ടിസത്തിന്റെ മറ്റൊരു പ്രത്യേകത സംസാരിക്കുന്നതിലുള്ള വൈകല്യങ്ങളാണ്. ഇത്തരം കുട്ടികൾ സംസാരിക്കാൻ തുടങ്ങുന്നത് തന്നെ വൈകിയായിരിക്കും .
ചില വാക്കുകൾ ഒരിക്കൽ പറഞ്ഞാൽ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല .
അപൂർവം ചിലർ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓർമശക്തിയും പ്രകടിപ്പിക്കാറുണ്ട്. ഹൈപ്പർലെക്സിയ എന്നാണ് ഇത് അറിയപ്പെടുന്നത്.
വിവിധ തരങ്ങൾ
ചൈൽഡ്ഹുഡ് ഓട്ടിസം
ഇത്തരം കുട്ടികളിൽ ആശയവിനിമയ ശേഷി, സാമൂഹിക ഇടപെടൽ, ചിന്താശേഷിയിലുള്ള വൈകല്യം തുടങ്ങിയ ലക്ഷണങ്ങൾ ഏകദേശം മൂന്ന് വയസ് മുതൽ കാണപ്പെടുന്നു. ബഹുഭൂരിപക്ഷം കുട്ടികൾക്കും ബുദ്ധിക്ക് പരിമിതികൾ കണ്ടെത്തിയിട്ടുണ്ട്.
ആസ്പെർയേസ് സിൻഡ്രം
ആശയവിനിമയ ശേഷിക്കും സാമൂഹിക ഇടപെടലിനും ഇവർക്ക് പരിമിതിയുണ്ടെങ്കിലും ഭാഷാശേഷി പൊതുവേ നല്ലതായിരിക്കും. ഇവരിൽ ബുദ്ധിപരിമിതികൾ കാണപ്പെടുന്നില്ലെങ്കിലും വളരെ പരിമിതമായ താൽപര്യം മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ
റെറ്റ്സ് സിൻഡ്രം
പെൺകുട്ടികളിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക അവസ്ഥയാണിത്. ഒരു വയസ് മുതൽ നാല് വയസ് വരെ ലക്ഷണങ്ങൾ പ്രകടമാകാം. ഈ തകരാറ് കാണപ്പെടുന്നതുവരെ സാധാരണ കുട്ടികളെ പോലെയുള്ള ജീവിതമായിരിക്കും. എന്നാൽ അതിന് ശേഷം കഴിവുകൾ നഷ്ടപ്പെടുന്നു. ഭാഷാ വൈകല്യം, ദൃഷ്ടി കേന്ദ്രീകരിക്കാനും നടക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ ചില ലക്ഷണങ്ങൾ ആണ്.
ഓട്ടിസത്തിന്റെ കാരണങ്ങൾ
തലച്ചോറിനെ ബാധിക്കുന്ന പല ശാരീരിക രോഗങ്ങളിലും ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളിൽ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ ഈ കുട്ടികളുടെ വളർച്ചയിലുണ്ടായിട്ടുള്ള വൈകല്യങ്ങളായാണ് ഇത് സൂചിപ്പിക്കുന്നത്. പാരമ്പര്യ ഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്.
ചികിത്സകൾ എങ്ങനെ?
കൃത്യമായി കണ്ടെത്തി ചികിത്സിക്കാൻ കഴിഞ്ഞാൽ ഓട്ടിസവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാൻ സാധിക്കും. എത്ര നേരത്തെ ഓട്ടിസം തിരിച്ചറിയുന്നുവോ അത്രയും നല്ലത്. തുടർചികിത്സയും പരിചരണവും ഏറെ ആവശ്യമുള്ള ഒരു രോഗാവസ്ഥയാണ് ഓട്ടിസം. ആയുർവേദ ചികിത്സയും ഓട്ടിസത്തിനുള്ള മികച്ച രീതിയിലുള്ള പിൻബലം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...