ക്രോമസോമുകളിലെ വ്യതിയാനം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഡൗൺ സിൻഡ്രോം. സാധാരണയായി മനുഷ്യ ശരീരത്തിലെ കോശങ്ങളിൽ 46 ക്രോമസോമുകൾ ആണ് ഉള്ളത് (23 ജോഡി). ഇതിൽ 21–ാമത്തെ ക്രോമോസോം രണ്ടിന് പകരം മൂന്നെണ്ണമുള്ള അവസ്ഥയാണ് ഡൗൺ സിൻഡ്രോം.
1866ൽ ഈ രോഗാവസ്ഥ ആദ്യമായി വിശദീകരിച്ച ബ്രിട്ടീഷ് ഡോക്ടർ ജോൺ ലാങ്ഡൺ ഡൗണിന്റെ പേരിലാണ് ഈ രോഗം അറിയപ്പെടുന്നത്. രോഗ കാരണം കണ്ടെത്തിയത് 1959ൽ ജെറോ ലെഷോൺ എന്ന രോഗ്യപ്രവർത്തകനാണ്. കണക്കുകൾ പ്രകാരം 750 കുട്ടികളിൽ ഒരാൾക്കാണ് രോഗം കണ്ടുവരുന്നത്.
രോഗകാരണം
*അമ്മയുടെ പ്രായം 35 വയസില്‍ കൂടുതലാണെങ്കിൽ കുഞ്ഞിന് ഡൗൺ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
*അപൂർവമായി അച്ഛന്റെയോ അമ്മയുടേയോ ക്രോമസോം തകരാറുമൂലം കുഞ്ഞിന് ഡൗൺ സിൻഡ്രോം ഉണ്ടാകാം.
രോഗനിർണയം
*95 ശതമാനവും രോഗം ഗർഭാവസ്ഥയിൽ തന്നെ കണ്ടുപിടിക്കാൻ സാധിക്കും
*രക്തപരിശോധനയും അൾട്രാ സൗണ്ട് സ്കാനിങും ആണ് സ്ക്രീനിംഗ് ടെസ്റ്റുകളായി ചെയ്യുന്നത്
*ഗർഭാശയത്തിൽ നിന്നും വെള്ളം എടുത്ത് ചെയ്യുന്ന (അമിനിയോസെൻടെസിസ്) ടെസ്റ്റും ചെയ്യാവുന്നതാണ്
ജനനശേഷമുള്ള രോഗനിർണയം
*ജനിച്ച ഉടനെ തന്നെ കുഞ്ഞിന്റെ രൂപത്തിലുള്ള പ്രത്യേകതകൾ കാരണം ഈ അവസ്ഥ സംശയിക്കാറുണ്ട്
*കുഞ്ഞിന് ഡൗൺ സിൻഡ്രോം ഉണ്ടോയെന്ന് ഉറപ്പിക്കുന്നതിനായി ജനിതക പരിശോധന നടത്താം
*കുഞ്ഞിന് ഡൗൺ സിൻഡ്രോം ഉണ്ടെന്ന് ഉറപ്പായാൽ കുട്ടിയുടെ ആന്തരിക അവയവങ്ങളിൽ തകരാറുണ്ടോ എന്നറിയാൻ വിദഗ്ധ പരിശോധനകൾ നടത്തണം
രോഗാവസ്ഥയിലുള്ള കുട്ടികളിൽ എന്തൊക്കെ ശ്രദ്ധിക്കണം
*കുട്ടികളുടെ ബുദ്ധിവളർച്ച കുറവായിരിക്കും
* ജന്മനാ ഹൃദയംതകരാറുകൾ കണ്ടുവരുന്നു
* തൈറോയിഡ് ഹോർമോണിന്റെ കുറവ് ഉണ്ടാവും
* ചെറിയ ഒരു ശതമാനം കുട്ടികളിൽ കുടലിൽ തടസം കാണപ്പെടും
* കഴുത്തുകളിലെ എല്ലുകളുടെ ബലം കുറയും
*രക്താർബുദം,അൽഷിമേർസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
സാധാരണ എല്ലാ കുഞ്ഞുങ്ങളെയും പോലെ സുരക്ഷിതമായ സാഹചര്യത്തിൽ സന്തോഷത്തോടെ വളരാനുള്ള അവകാശം ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്കും ഉണ്ട്. എല്ലാവരോടും സ്‌നേഹത്തോടെയും സന്തോഷത്തോടെയും പെരുമാറുന്നവരാവും ഈ കുട്ടികള്‍. ചിലർക്ക് കലാപരമായ കഴിവുകളും ഉണ്ടാകും. സിനിമയടക്കമുള്ള മേഖലകളിൽ കഴിവ് തെളിയിച്ച ഡൗൺ സിൻഡ്രോം ബാധിച്ച കുട്ടികളുണ്ട്. അവർക്ക് സാധിക്കുന്ന രീതിയിൽ നല്ല വിദ്യാഭ്യാസം നൽകുന്നതിനൊപ്പം സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇവരെ പ്രാപ്തരാക്കുക എന്നതും പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...