മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാലും ചിലർ ദിവസവും മദ്യപിക്കാറുണ്ട്. മറ്റു ചിലരാകട്ടെ ഇടയ്ക്കിടെ മദ്യം കഴിക്കുന്നവരാണ്. ദിവസേന ഒരു ഗ്ലാസ് മദ്യം പോലും കഴിക്കുന്നവരുടെ രക്തസമ്മർദ്ദം അതിവേഗം വർദ്ധിക്കുന്നതായാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഇന്നത്തെ കാലത്ത് യുവാക്കൾക്കിടയിൽ രക്തസമ്മർദ്ദം വർധിച്ച് വരുന്ന കാഴ്ചയാണ് കാണാനാകുന്നത്. അടുത്തിടെ പുറത്തുവന്ന ഒരു സിഎൻഎൻ റിപ്പോർട്ടിലും ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്. അമേരിക്കൻ അസോസിയേഷൻ ജേണൽ ഹൈപ്പർടെൻഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 1997 മുതൽ 2021 വരെയുള്ള 7 അന്താരാഷ്‌ട്ര പഠനങ്ങളിൽ നിന്നുള്ള ഡാറ്റ അപഗ്രഥിക്കുമ്പോൾ ദിവസേന ഒരു ഗ്ലാസ് മദ്യം മാത്രം കഴിക്കുന്ന ആളുകൾക്ക് ഇടയ്ക്കിടെ മദ്യം കഴിക്കുന്നവരേക്കാൾ രക്തസമ്മർദ്ദം വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് കണ്ടെത്തിയത്.
ALSO READ: അമിതമായാൽ തേനും വിഷം, എങ്ങനെ?
ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴേക്കും അത് ശരീരത്തിന് വളരെയധികം ദോഷം ചെയ്തു കഴിഞ്ഞിരിക്കുമെന്നാണ് മയോ ക്ലിനിക്കിന്റെ കണ്ടെത്തൽ. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പല തരത്തിലുമുള്ള വൈകല്യം, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഉയർന്ന രക്തസമ്മർദ്ദം നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിലെ രക്തസമ്മർദ്ദത്തിന്റെ തോത് വർദ്ധിക്കുന്നതിനാൽ, ഹൃദയാഘാതം, സ്ട്രോക്ക്, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുന്നു. ശരീരത്തിലെ രക്തകുഴലുകളിലെ സമ്മർദ്ദം നിരന്തരമായി ഉയരുന്നതിനെയാണ് അമിത രക്തസമ്മർദ്ദം എന്ന് പറയുന്നത്. 120/80 mm Hg ആണ് സാധരണ രക്തസമ്മർദ്ദം. 130/80 mm Hg അല്ലെങ്കിൽ 140/90 mm Hg യോ അതിന് മുകളിൽ ഉള്ളതോ ആണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ എന്ന് പറയുന്നത്. ചിട്ടയായ ജീവിതശൈലി പിന്തുടരുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രണത്തിലാക്കാൻ സഹായിക്കും.
വ്യായാമം
തിരക്കു പിടിച്ച ജീവിതത്തിൽ ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് വേണ്ടി മാറ്റി വെയ്ക്കണം. വ്യായാമം, വേഗത്തിലുള്ള നടത്തം, എയറോബിക് വ്യായാമം പോലുള്ള കാര്യങ്ങൾ ചെയ്യുന്നതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കായിക വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് ശരീരത്തിന് ഗുണകരമാണ്.
മിതമായ അളവിൽ ഭക്ഷണം കഴിക്കുക
മധുരപലഹാരങ്ങൾ അമിതമായി കഴിക്കാതിരിക്കുക എന്നത് പ്രധാനമാണ്. കൂടാതെ മദ്യപാനത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയും വേണം. കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ പരമാവധി കഴിക്കാൻ ശ്രമിക്കുക. ശർക്കര, ഈന്തപ്പഴം തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾ പഞ്ചസാരയ്ക്ക് പകരം തിരഞ്ഞെടുക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയെന്നത് വളരെ പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...