നിരന്തരമായ പരിചരണം ആവശ്യമുള്ള ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുമ്പോൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നിരിക്കുന്നത് ഹൃദയം, രക്തക്കുഴലുകൾ, കണ്ണുകൾ, വൃക്കകൾ എന്നീ അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥകളിലേക്ക് നയിക്കും. കൂടാതെ, പ്രമേഹമുള്ളവർക്ക് ചെറിയ മുറിവുകൾ ഉണ്ടായാൽ പോലും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹരോഗികൾക്ക് പ്രകൃതിദത്തമായ ചില ഭക്ഷണങ്ങളിലൂടെയും ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനാകും. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കും. ഉറങ്ങുന്നതിന് മുമ്പ് പാലിൽ ചേർത്ത് കുടിക്കാവുന്ന ചില പ്രകൃതിദത്ത വിഭവങ്ങൾ ഏതൊക്കെയാണ് നോക്കാം.
ബദാം: ബദാമിൽ കലോറി കൂടുതലാണ്. പക്ഷേ വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ എന്നീ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയതിനാൽ അവ പോഷക സമ്പുഷ്ടവുമാണ്. ബദാമിലെ പോഷകമൂല്യം പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. രാത്രി കിടക്കുന്നതിന് മുമ്പ് 2-3 ബദാം ചതച്ച് പാലിൽ ചേർത്ത് തിളപ്പിക്കുക. ഈ പാൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
കുരുമുളക്: ജലദോഷത്തിനും ചുമയ്ക്കും ശമനം ലഭിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. വിശപ്പില്ലായ്മയ്ക്കും കുരുമുളക് ഒരു മികച്ച പരിഹാരമാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് പാലിൽ മൂന്നോ നാലോ കുരുമുളക് പൊടിച്ചിട്ട് തിളപ്പിക്കാം. രുചി കൂട്ടാൻ ഈ പാനീയത്തിൽ അര ടീസ്പൂൺ ജീരകം ചേർക്കാം. ഈ രണ്ട് ചേരുവകളും ചേർത്ത് തിളപ്പിച്ച പാൽ അരിച്ചെടുത്ത് കുടിക്കുക.
മഞ്ഞൾ: നിരവധി ഔഷധഗുണങ്ങളാൽ സമ്പന്നമായ സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. മഞ്ഞളിന് ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും. അതിനാൽ, രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
കറുവാപ്പട്ട: കറുവാപ്പട്ട ശരീരത്തിന്റെ ഉപാപചയ നിരക്ക് നിയന്ത്രിക്കാൻ വളരെ ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഒരു ഗ്ലാസ് പാലിൽ ചെറിയ കഷ്ണം കറുവാപ്പട്ടയിട്ട് തിളപ്പിക്കണം. ഉറങ്ങുന്നതിന് മുൻപ് ഈ പാൽ ഇളം ചൂടോടെ കുടിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...