കാട്ടാക്കട: കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ വിദ്യാർത്ഥികൾക്ക് മർദ്ദനം. കെ എസ് ആർ ടി സി ഡിപ്പോയിൽ നിൽക്കുമ്പോഴാണ് ഒരു കൂട്ടം യുവാക്കൾ എത്തി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത്. കൂട്ടംകൂടി നിന്ന വിദ്യാർഥികൾക്കും യാത്രക്കാർക്കുമിടയിലേക്ക് രണ്ട് സംഘങ്ങൾ ഓടിക്കയറി തമ്മിൽ തല്ലുകയായിരുന്നു. ആർ പി എം (കിക്മ) കോളേജിലെ 2-ാം വർഷ ബിരുദ വിദ്യാർത്ഥികളായ അനു, ശ്രീറാം, ആദീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. അകാരണമായാണ് ഇവർ മർദ്ദിച്ചത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
സംഘത്തിൽ 20 ഓളം പോർ ഉണ്ടായിരുന്നു എന്നാണ് വിവരം. ഷോപ്പിംഗ് കോംപ്ലക്സിനുള്ളിലെ മെബൈൽ ഷോപ്പിൽ തമ്പടിക്കുന്ന യുവാക്കൾ ഉൾപ്പെടെയാണ് മർദ്ദിച്ചത്. ഈ മൊബൈൽ ഷോപ്പിൽ തമ്പടിച്ചു നിന്ന അഭിഷേകാണ് മർദ്ദിച്ച സംഘത്തിന് നേതൃത്വം നൽകിയത് എന്ന് യുവാക്കൾ പറയുന്നു. ഇതേ കോളെജിലെ വിദ്യാർത്ഥി കൂടിയാണ് അഭിഷേക്.
ALSO READ: ഇൻസ്റ്റാഗ്രാം വഴി അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനം
കഴിഞ്ഞ ദിവസം ക്യാമ്പസിനുള്ളിൽ വെച്ച് അനുവിൻ്റെ കൈ തട്ടി അഭിഷേകിൻ്റെ മൊബൈൽ ഫോൺ നിലത്ത് വീണ് മൊബൈലിൻ്റെ സ്ക്രീൻ സുരക്ഷാ ഗ്ലാസ് പൊട്ടിയിരുന്നു. ഇതേ തുടർന്ന് കോളേജ് പ്രിൻസിപ്പാൾ ഇടപ്പെടുകയും സംഭവം ഒത്ത് തീർപ്പാക്കുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ ശരിയാക്കി നൽകാം എന്നു പറഞ്ഞ് സംഭവം തീർപ്പാക്കിയെങ്കിലും അതേ ദിവസം തന്നെ വിദ്യാർത്ഥികളെ ആക്രമിക്കുകയായിരുന്നു. യുവാക്കൾ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് കാട്ടാക്കട പൊലീസ് വ്യക്തമാക്കി.
കാപ്പ കേസ് പ്രതിയായ കുപ്രസിദ്ധ കുറ്റവാളിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു
നെടുമങ്ങാട്: വധശ്രമം, പിടിച്ചുപറി, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി വാണ്ട ഷാനവാസ് എന്നറിയപ്പെടുന്ന നെടുമങ്ങാട് കരിപ്പൂർ തേവരു കുഴിയിൽ ലക്ഷംവീട്ടിൽ ഷാനവാസ് പിടിയിൽ. നെടുമങ്ങാട് പോലീസാണ് പ്രതിയെ പിടികൂടിയത്.
ബലാൽക്കാരമായി തട്ടിയെടുത്ത പണം തിരികെ നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ ഞായറാഴ്ചയാണ് കരിപ്പൂർ കണ്ണാറംകോട് സ്വദേശി ഷിനുവിനെയും സുഹൃത്തുക്കളെയും രാത്രി വാണ്ട എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി കൂട്ടാളിയായ സ്ഥിരം കുറ്റവാളി പടക്ക് അനീഷ് എന്ന് വിളിക്കുന്ന അനീഷുമായി ചേർന്ന് വടിവാളു കൊണ്ട് ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇവരുടെ പരാതിയിൻമേൽ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ സൈബർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു.
നെടുമങ്ങാട് എസ് എച്ച് ഒ അനീഷ് ബി, എസ് ഐ അനിൽകുമാർ, എ എസ് ഐ വിജയൻ, സിപിഒ മാരായ ജവാദ്, സജു, ജിജിൻ, വൈശാഖ്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ഷാനവാസിനെ നേരത്തെ നാടുകടത്തിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ സംഭവ സ്ഥലത്തും അനുബന്ധ പ്രദേശങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കുമെന്ന് നെടുമങ്ങാട് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.