മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ലേലം ചെയ്ത് അധിക്ഷേപിച്ച 'ബുള്ളി ഭായ്' ആപ്പിന്റെ സൂത്രധാരയെന്ന് കരുതുന്ന ഒരു സ്ത്രീയെ മുംബൈ പോലീസ് ഉത്തരാഖണ്ഡിൽ നിന്ന് പിടികൂടി. 18കാരിയാണ് ബുള്ളി ഭായ് ആപ്പിന്റെ മുഖ്യ സൂത്രധാരയെന്നാണ് പോലീസ് സംശയിക്കുന്നത്.
'ബുള്ളി ഭായ്' ആപ്പ് കേസുമായി ബന്ധപ്പെട്ട് 18 കാരിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു. രുദ്രാപൂർ പോലീസ് സ്റ്റേഷനിൽ തുടർനടപടികൾ സ്വീകരിക്കുന്നതായി ഉത്തരാഖണ്ഡ് പോലീസ് ആസ്ഥാനത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ഉത്തരാഖണ്ഡിൽ നിന്ന് ഒരു സ്ത്രീയെ മുംബൈ പോലീസ് കസ്റ്റഡിയിൽ എടുത്തതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 21 കാരനായ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാറിനെ ചോദ്യം ചെയ്യലിന് ശേഷം മുംബൈ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
പോലീസിന്റെ പിടിയിലായ ഇവർ രണ്ട് പേരും സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം വഴിയാണ് സുഹൃത്തുക്കളായതെന്ന് പോലീസ് പറയുന്നു. ഇതിൽ കൂടുതൽ ആളുകൾക്ക് പങ്കുള്ളതായും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമായ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിൽ നിന്നുള്ള സ്ത്രീകൾ, അവർ അറിയാതെ അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണം നടക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ബുള്ളി ഭായിയെ കുറിച്ചുള്ള വിവാദങ്ങൾ ആരംഭിച്ചത്. മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ, പ്രശസ്തരായ വ്യക്തികൾ തുടങ്ങി നിരവധി സ്ത്രീകളെ ബുള്ളി ഭായ് ആപ്പിലൂടെ അപകീർത്തിപ്പെടുത്തി.
മുംബൈ സൈബർ സെല്ലും ഡൽഹി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ നൂറുകണക്കിന് മുസ്ലീം സ്ത്രീകളെ ഈ ആപ്പ് വഴി ലേലത്തിന് വച്ചിട്ടുണ്ടെന്ന് വ്യക്തമായി. സുള്ളി ഡീൽസ്' എന്ന വിവാദമായ ഓൺലൈൻ അപകീർത്തിക്ക് പിന്നാലെയാണ് ഗിറ്റ്ഹബിൽ പുതിയ ആപ്പ് പ്രത്യക്ഷപ്പെട്ടത്. ബുള്ളി ഭായ് എന്ന പേരിൽ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രത്യക്ഷപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...