കൊല്ലം: കൊല്ലത്ത് വൻ ലഹരിവേട്ട. വെളുത്തുള്ളി ചാക്കുകൾക്കിടയിൽ കടത്തുകയായിരുന്ന 50 ചാക്ക് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. സംഭവത്തിൽ പാങ്കോണം സ്വദേശി പൊടിമോനെ അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്കെടുത്ത് പുകയില ഉത്പന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽപ്പന നടത്തുകയായിരുന്നു ഇയാൾ.
വിദ്യാർഥികൾക്ക് ഉൾപ്പെടെ ഇയാൾ പുകയില ഉത്പന്നങ്ങൾ എത്തിച്ച് നൽകിയിരുന്നതായാണ് വിവരം. ലഹരി വസ്തുക്കൾ വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ പൊടിമോൻ എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 11 ലക്ഷം രൂപയുമായി മുങ്ങിയ യുവതി അറസ്റ്റിൽ
ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം മുങ്ങിയ യുവതി അറസ്റ്റിൽ. വണ്ടാനം ശ്യാം നിവാസിൽ നികിത (29) ആണ് അറസ്റ്റിലായത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പുറക്കാട് സ്വദേശിനിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയ ശേഷം നികിത മുങ്ങുകയായിരുന്നു. അമ്പലപ്പുഴ സ്റ്റേഷൻ ഓഫിസർ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാത്രി വണ്ടാനത്ത് നിന്നും നികിതയെ അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയാണ് നികിത. മെഡിക്കൽ കോളജിലെ ഡോക്ടർ ആണെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയതെന്ന് പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം. പുറക്കാട് സ്വദേശിയായ ഷാനിയുമായി നികിത സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഇവരുടെ വീട്ടിൽ പേയിങ് ഗെസ്റ്റ് ആയി താമസിച്ചു. തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്നും ഷാനിയെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാമെന്നും നികിത വാഗ്ദാനം നൽകുകയായിരുന്നു. ഇതും പറഞ്ഞ് പലപ്പോഴായി 11 ലക്ഷം രൂപ വാങ്ങുകയും ശേഷം മുങ്ങുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. ജില്ലയിലെ പല സ്ഥലങ്ങളിലും പാലക്കാട്ടും ഇവർ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...