Gautam Adani: ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്... എഫ്പിഒ ഗുണം ചെയ്തില്ല, തിരിച്ചുവരവ് സാധ്യമോ

Gautam Adani: ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് പ്രകാരം അദാനിയും മുകേഷ് അംബാനിയും തമ്മിലുള്ള ആസ്തി വ്യത്യാസം 2 ബില്യണിൽ താഴെയാണ് ഇപ്പോഴുള്ളത്.

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 01:43 PM IST
  • അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഹോൾഡിങ് കമ്പനിയാണ് നിക്ഷേപം നടത്തിയത്
  • ഹിൻഡൻബർഗ് റിപ്പോർട്ട് വലിയ തിരിച്ചടി സൃഷ്ടിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു ഇത്
  • അദാനി ഗ്രൂപ്പിന്റെ എഫ്പിഒ നടന്നുകൊണ്ടിരിക്കുകയാണ്
Gautam Adani: ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്... എഫ്പിഒ ഗുണം ചെയ്തില്ല, തിരിച്ചുവരവ് സാധ്യമോ

മുംബൈ: ഗൗതം അദാനിയ്ക്കും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കും എതിരെ വലിയ ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ടത്. തുടര്‍ന്ന് കമ്പനിയുടെ ഓഹരിമൂല്യം കുത്തനെ ഇടിയുകയും ചെയ്തു. ലോക സമ്പന്നരില്‍ മൂന്നാം സ്ഥാനം വരെ എത്തിയ അദാനി പൊടുന്നനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. തങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനങ്ങളെ ഇന്ത്യക്ക് നേരെയുള്ള ആക്രമണം എന്നായിരുന്നു അദാനി ഗ്രൂപ്പ് വിശേഷിപ്പിച്ചത്. ഇതിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് തിരിച്ചടിക്കുകയും ചെയ്തു. ഇപ്പോഴിതാ അതിലും വലിയ ഇടിവാണ് അദാനി നേരിട്ടിരിക്കുന്നത്.

ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് പ്രകാരം അദാനി ഇപ്പോൾ ലോകത്തിലെ ആദ്യത്തെ പത്ത് സമ്പന്നരിൽ ഒരാളല്ല. അദ്ദേഹം 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. തൊട്ടുപിറകിലുള്ളത് ഇന്ത്യയിൽ നിന്ന് തന്നെയുള്ള മുകേഷ് അംബാനിയാണ്. ഒറ്റയടിയ്ക്കാണ് അദാനി നാല് സ്ഥാനം പിറകിലായത്. ഫോര്‍ബ്‌സിന്റെ ലൈവ് ബില്യണയര്‍ ഇന്‍ഡക്‌സ് പ്രകാരം ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് അദാനിയുടെ സ്ഥാനം എട്ടാമതാണ്. ബ്ലൂംബെര്‍ഗ് പ്രകാരം ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിലുള്ള ആസ്തി വ്യത്യാസം 2 ബില്യണ്‍ ഡോളറില്‍ താഴെയാണ്. ഫോര്‍ബ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഏതാണ്ട് 4 ബില്യണ്‍റെ വ്യത്യാസമാണുള്ളത്.

കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോഴാണ് അബുദാബി ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിക്ഷേപവുമായി എത്തുന്നത്. ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) വഴി 400 ദശലക്ഷം ഡോളര്‍ ആണ് ഇവര്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 3,260 കോടി രൂപ വരും ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ നേരിട്ട നഷ്ടങ്ങളുടെ ചെറിയൊരു ശതമാനം പോലും വരില്ല ഇതെങ്കിലും, അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ആശ്വാസമാണ് ഈ നിക്ഷേപം. 

Read Also: ദേശീയതയുടെ പേര് പറഞ്ഞ് തട്ടിപ്പ് മറയ്ക്കാനാകില്ല, അദാനി ഗ്രൂപ്പിന് കനത്ത മറുപടി നല്‍കി ഹിൻഡൻബർഗ്

അദാനി ഗ്രൂപ്പില്‍ നിക്ഷേപകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു എന്ന ആരോപണത്തെ മറികടക്കാന്‍ ഈ ഒരു എഫ്പിഒ വഴി ഒരുപരിധിവരെ സാധിച്ചേക്കും. ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി (ഐഎച്ച്‌സി) അതിന്റെ ഉപകമ്പനിയായ ഗ്രീന്‍ ട്രാന്‍സ്മിഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ് ആര്‍എസ് സി ലിമിറ്റഡ് വഴിയാണ് അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തുന്നത്. 

ഗൗതം അദാനിയുടെ വന്‍ കുതിച്ചുചാട്ടത്തിന് കടിഞ്ഞാണിടുകയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത്. അദാനി ഗ്രൂപ്പും ഹിന്‍ഡന്‍ബര്‍ഗും തമ്മിലുള്ള വാക് പോരിനും പിന്നീട് ബിസിനസ് ലോകം സാക്ഷ്യം വഹിച്ചു. ഫോളോ ഓണ്‍ പബ്ലിക് ഓഫറിങ്ങിലൂടെ (എഫ്പിഒ) 20,000 കോടി രൂപ സമാഹരിക്കാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ച സമയത്തായിരുന്നു ഗുരുതര ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്. അദാനി ​ഗ്രൂപ്പിന്റെ എഫ്പിഒ വിജയിക്കും എന്ന് തന്നെയാണ് വിപണിയുടെ കണക്കുകൂട്ടൽ. കേന്ദ്ര ബജറ്റിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇഷ്യു വില കുറയ്ക്കാതെ തന്നെ മുന്നോട്ട് നീങ്ങാനായിരിക്കും അദാനി ​ഗ്രൂപ്പിന്റെ ശ്രമം എന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ വിലയിരുത്തൽ. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News