ന്യൂ ഡൽഹി : യെസ് ബാങ്കിനെതിരെ (YES Bank) പുതിയ ആരോപണങ്ങളുമായി D2H സേവനദാതാക്കളായ ഡിഷ് ടിവി (Dish TV). കമ്പനി ഏറ്റെടുക്ക ചട്ടങ്ങൾ ലംഘിച്ച് യെസ് ബാങ്ക് ഡിഷ് ടിവിയുടെ ഡയറക്ടർ ബോർഡിനെ പുറത്താക്കാൻ ശ്രമിക്കുന്നു. ഇത് സംബന്ധിച്ച് ഡിഷ് ടിവി സെബിക്ക് (SEBI) കത്തയച്ചു.
നിലവിലുള്ള ബോർഡിലെ ഡയറക്ടർമാരെ നീക്കം ചെയ്ത് യെസ് സ്വന്തം ഇഷ്ടപ്രകാരം ഡയറക്ടർ ബോർഡ് സ്ഥാപിക്കാനൊരുങ്ങുകയാണ്. ഇതിലൂടെ അനധികൃതമായി യെസ് ബാങ്ക് കമ്പനിയുടെ അധികാരം ഏറ്റെടുക്കയാണ് ഡിഷ് ടിവി കത്തിലൂടെ സെബിയെ അറിയിച്ചു.
"സെപ്‌റ്റംബർ 3ലെ നോട്ടീസുകളും സെപ്‌റ്റംബർ 9ലെ നോട്ടീസുകളും ഇജിഎം നോട്ടീസും അയച്ച യെസ് ബാങ്കിന്റെ നടപടികൾ ഏറ്റെടുക്കൽ ചട്ടങ്ങളുടെ ലംഘനമാണെന്ന് കമ്പനി കരുതുന്നു. കമ്പനിയുടെ ബോർഡിലേക്ക് ചില വ്യക്തികളെ നിയമിക്കുന്നതിനുള്ള യെസ് ബാങ്കിന്റെ നിർദ്ദേശം, നിലവിലുള്ള ഡയറക്ടർമാരെ (അനിൽ കുമാർ ദുവ ഒഴികെ) നീക്കം ചെയ്യുന്നതിനുള്ള പ്രമേയം(ങ്ങൾ) പ്രാബല്യത്തിൽ വന്നാൽ, അത് യെസ് ബാങ്ക് സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് നയിക്കും" ഡിഷ് ടിവി സെബിക്ക് അയച്ച കത്തിൽ പറയുന്നു.
യെസ് ബാങ്ക് ലിമിറ്റഡിന് ഡിഷ് ടിവിയുടെ 25.63 ശതമാനം ഓഹരിയാണുള്ളത്. കൂടാതെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയും കൂടിയാണ് യെസ് ബാങ്ക്.
"കമ്പനിക്ക് അയച്ച EGM നോട്ടീസ് ഉടനടി പിൻവലിക്കാനും EGM അറിയിപ്പുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും യെസ് ബാങ്കിന് ഈ വിഷയത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ഏറ്റെടുക്കൽ ചട്ടങ്ങൾ ലംഘിക്കാതിരിക്കാനും സെബി ഇടപെടണം" ഡിഷ് ടിവി കത്തിൽ പറയുന്നു.
2021 സെപ്റ്റംബർ 27 ന് നടക്കാനിരുന്ന കമ്പനിയുടെ എജിഎമ്മിൽ ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനായി ഡിഷ് ടിവിക്ക് യെസ് ബാങ്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു.
മാനേജിംഗ് ഡയറക്ടർ ജവഹർ ഗോയലിനെ കൂടാതെ ഡിഷ് ടിവിയുടെ ബോർഡിൽ നിന്ന് റസൽമി അഗർവാൾ, ഭഗവാൻ ദാസ് നാരംഗ്, ശങ്കർ അഗൻവാൾ, അശോക് മത്തായി കുര്യൻ എന്നിവരെ നീക്കം ചെയ്യാൻ യെസ് ബാങ്ക് EGM നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്സൽ ഗ്രൂപ്പ് സ്ഥാപനത്തിന്റെ 1,000 കോടി രൂപയുടെ അവകാശ പ്രശ്നങ്ങൾ എതിർക്കുന്ന യെസ് ബാങ്ക്, കമ്പനിയുടെ ബോർഡിലേക്ക് രണ്ട് നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, അഞ്ച് സ്വതന്ത്ര ഡയറക്ടർമാർ ഉൾപ്പെടെ ഏഴ് പേരെ നിർദേശിച്ചിട്ടുണ്ട്.
നേരത്തെ ഡിഷ് ടീവി ഒാഹരിയുമായി ബന്ധപ്പെട്ട കേസിൽ യെസ് ബാങ്കിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതിയുടെ നിലപാട്. ബാങ്കിൻറെ ഒാഹരികൾ മരവിപ്പിച്ച പോലീസ് നടപടിയിൽ മാറ്റമില്ലെന്നും അന്വേഷണം തുടരുമെന്നും കോടതി വ്യക്തമാക്കി. കേസിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...